പലസ്തീനെ പിന്തുണച്ച് വാട്സ്ആപ്പ് സ്റ്റാറ്റസ്; യുവാവ് കസ്റ്റഡിയില്‍

0
6306

പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് വാട്സ്ആപ്പ് സ്റ്റേറ്റസിട്ട 20കാരന്‍ കസ്റ്റഡിയില്‍. കര്‍ണാടകയിലെ ഹോസ്പേട്ട് ജില്ലയിലാണ് സംഭവം. ആലം ബാഷ എന്ന യുവാവിനെ ആണ് കസ്റ്റഡിയിലെടുത്തത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി പലസ്തീനെ പിന്തുണച്ചു എന്നാരോപിച്ചാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

വിജയ്നഗര്‍ പൊലീസ് ആണ് സിആര്‍പിസി സെക്ഷന്‍ 108, 154 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. കസ്റ്റഡിയിലെടുത്ത യുവാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആലം ബാഷ

ഇസ്‌റാഈല്‍- ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹൊസ്‌പേട്ട്, വിജയ്‌നഗര്‍ എന്നിവിടങ്ങളില്‍ ചിലര്‍ ഫലസ്തീനിന് പിന്തുണ നല്‍കുന്നുണ്ടെന്നും ദേശവിരുദ്ധ വീഡിയോകള്‍ പ്രചരിപ്പിച്ച് ഇവര്‍ ഹോസ്‌പേട്ടിലെ ക്രമസമാധാനം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

രാജ്യദ്രോഹപരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് പാഷയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത യുവാവിനെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

അതിനിടെ ഗാസയില്‍ ആരോഗ്യ സംവിധാനങ്ങള്‍ ഗുരുതര പ്രതിസന്ധി നേരിടുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഗാസ മാനുഷിക മഹാദുരന്തത്തിന്റെ വക്കിലാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു.