ഒന്നാമൻ യൂസഫലി തന്നെ, തൊട്ടുപിറകിൽ ഡോ. ഷംഷീർ വയലിൽ; ധനികരുടെ പട്ടിക പുറത്ത്

0
3988

കൊച്ചി: മലയാളികളുടെ സമ്പന്ന
പട്ടികയിൽ ആദ്യ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലിയും ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലും.

55,000 കോടി രൂപയുടെ ആസ്തിയുമായാണ് യൂസഫലി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നത്. റേഡിയോളജിസ്റ്റും യുഎഇയിൽ ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീർ വയലിൽ 33,000 കോടി രൂപയുടെ ആസ്തിയുമായി രണ്ടാമതെത്തി. 1319 കോടിപതികളുടെ റാങ്കിങ്ങുമായി ഹുറൂൺ ഇന്ത്യയും 360 വൺ വെൽത്തും സംയുക്തമായി പുറത്തിറക്കിയ സമ്പന്ന പട്ടികയിലാണ് ആദ്യ അമ്പതിലെ മലയാളി തിളക്കം.

പട്ടികയിൽ 25-ാംസ്ഥാനത്താണ് എംഎ യൂസഫലി. ഡോ. ഷംഷീറിന്റെ റാങ്ക് 46. ലുലു ഗ്രൂപ്പ് ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനിടെയാണ്  യൂസഫലി ഏറ്റവും സമ്പന്നനായ ആഗോള മലയാളിയായി മുന്നേറ്റം തുടരുന്നത്. ഇന്ത്യയിലെ ഏറ്റവും സമ്പന്ന ഡോക്ടറായ ഷംഷീർ വയലിൽ പട്ടികയിലെ യുവ സമ്പന്നരുടെ മുൻനിരയിലാണ്. കോഴിക്കോട് സ്വദേശിയായ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിങ്‌സ് അബുദാബി സെക്യൂരിറ്റിസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തതിലൂടെ വൻ നേട്ടമുണ്ടാക്കിയിരുന്നു.  

31,000 കോടി രൂപയുടെ ആസ്തിയുമായി ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനാണ് സമ്പന്ന മലയാളികളിൽ മൂന്നാം സ്ഥാനത്ത്.  ദേശീയ റാങ്കിൽ 53 -ാം സ്ഥാനം. ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് 27,600 കോടി രൂപ (റാങ്ക് 68), ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വർക്കി 26,000 കോടി (റാങ്ക് 76) എന്നിവരാണ് ആദ്യ 100ൽ ഇടം നേടിയ മറ്റു മലയാളികൾ.