ഷാർജ: ഷാർജയിലെ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയുടെ (എസ്‌ഐബിഎഫ്) 42-ാമത് വാർഷിക പതിപ്പിൽ 1981-ൽ ആരംഭിച്ചതിന് ശേഷം ഏറ്റവും കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കും.
നവംബർ 1 മുതൽ 12 വരെയാണ്മേള.
ഇന്ത്യയടക്കം 108 രാജ്യങ്ങളിൽ നിന്നുള്ള 2,033 പ്രസാധകരും പ്രദർശകരും പുതിയ നാഴികക്കല്ല് പിന്നിടുന്ന ഇൗ മേളയിൽ ആതിഥേയത്വം വഹിക്കും. ഞങ്ങൾ പുസ്തകങ്ങളെക്കുറിച്ച് പറയുന്നു എന്നതാണ് ഷാർജ ബുക്ക് അതോറിറ്റി (എസ്‌ബിഎ) സംഘടിപ്പിക്കുന്ന മേളയുടെ ഇപ്രാവശ്യത്തെ പ്രമേയം.
അതിഥി രാജ്യമായ ദക്ഷിണ കൊറിയയെ ആദരിക്കും. ഇന്ത്യയിൽ നിന്ന് വളരെ ചുരുക്കം അഥികളെത്തുമെങ്കിലും മലയാളത്തിൽ നിന്ന് ഇപ്രാവശ്യം ആരുടെ പേരും എല് ബിഎ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
15 ലക്ഷം ടൈറ്റിലുകളാണ് ഇപ്രാവശ്യം പ്രദർശിപ്പിക്കുക. ഇവ വിലയ്ക്ക് വാങ്ങാനുള്ള അവസരവുമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 600 എഴുത്തുകാർ അവരുടെ പുതിയ കൃതികളിൽ ഒപ്പിടാൻ മേളയിലെത്തും. 69 രാജ്യങ്ങളിൽ നിന്നുള്ള 215 അതിഥികൾ നയിക്കുന്ന 1,700-ലേറെ സാഹിത്യ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും.
സാഹിത്യം, കല, സാങ്കേതികവിദ്യ, സംസ്കാരം എന്നിവ ഉൾക്കൊള്ളുന്ന ദക്ഷിണ കൊറിയയുടെ അതുല്യമായ അറിവും സാംസ്കാരിക ഭൂപ്രകൃതിയും പ്രദർശിപ്പിച്ചുകൊണ്ടാണ് ആ രാജ്യത്തെ ആദരിക്കുക. പോർച്ചുഗീസ് യൂണിവേഴ്‌സിറ്റി ഓഫ് കോയിംബ്രയുമായി സഹകരിച്ച് 60 ചരിത്ര കലാരൂപങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രദർശനവും സാംസ്‌കാരിക പരിപാടിയും സംഘടിപ്പിക്കും. കൂടാതെ, സന്ദർശകരുടെ അറിവ് സമ്പന്നമാക്കുന്നതിനായി 6 സംവേദനാത്മക ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിൽ നിന്ന് 120 പ്രസാധകർ; എഴുത്തുകാർ കുറവ്
രാജ്യാന്തര തലത്തിൽ ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയിൽ നിന്നാണ് കൂടുതൽ പ്രസാധകർ മേളയ്ക്കെത്തുക–120. ആകെ 1043 അറബ് പ്രസാധകരും 900 രാജ്യാന്തര പ്രസാധകരും പങ്കെടുക്കും.
എന്നാൽ അതിഥികളായെത്തുന്ന ഇന്ത്യൻ എഴുത്തുകാർ വളരെ കുറവാണ്. പക്ഷേ, വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരുടെ പേരുകൾ വെളിപ്പെടുത്തുമെന്ന് സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പറഞ്ഞു.
അറബിക് ഭാഷയില്‍ നിന്ന് എട്ട് ലക്ഷം, മറ്റ് ഭാഷകളിൽ നിന്ന് ഏഴ് ലക്ഷം എന്നിവയുൾപ്പെടെ 15 ലക്ഷത്തിലേറെ ശീർഷകങ്ങളാണ് പ്രദർശിപ്പിക്കുക. അറബ് പ്രസാധകരുടെ പട്ടികയിൽ യുഎഇ, ഈജിപ്ത്, ലബനൻ എന്നിവ മുന്നിലാണ്. രാജ്യാന്തര തലത്തിൽ ഇന്ത്യ കൂടാതെ, യുകെ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ പ്രസാധകർ എത്തിച്ചേരും.
460 സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകുന്ന 127 അതിഥികളിൽ നൊബേൽ സമ്മാന ജേതാക്കളും വിശിഷ്ട അറബ്, രാജ്യാന്തര ബഹുമതികൾ നേടിയവരും ഉൾപ്പെടും. കൂടാതെ, എഴുത്തുകാർ, ചിന്തകർ, ബുദ്ധിജീവികൾ, കലാകാരന്മാർ എന്നിവരുടെ ഒരു സംഘം സംബന്ധിക്കും. 33 രാജ്യങ്ങളിൽ നിന്നുള്ള 127 അറബ്, രാജ്യാന്തര അതിഥികൾ 460 സാംസ്കാരിക പരിപാടികൾ നയിക്കും. ഇതിൽ പാനൽ ചർച്ചകൾ, ശില്പശാലകൾ, വിവിധ കലാ ആവിഷ്‌കാരങ്ങൾ, സാഹിത്യ പരിപാടികൾ എന്നിവ ഉൾക്കൊള്ളുന്ന സെഷനുകളുമുണ്ട്.
എമിറാത്തിയും അറബ് കവിയുമായ ഖാലിദ് അൽ ബദൗ, ഡോ. മഷേൽ അൽ നബൂദ, അദേൽ ഖോസാം, മുഹമ്മദ് അൽ ജോക്കർ, സുആദ് അൽ അറൈമി, ഫാത്തിയ അൽ നിമർ, ഡോ. ഐഷ അൽ ഗൈസ്, സയീദ് അൽ തുടങ്ങിയ പ്രമുഖ എമിറാത്തി എഴുത്തുകാരും ബുദ്ധിജീവികളും മേളയെ ധന്യമാക്കും.
അൾജീരിയൻ നോവലിസ്റ്റ് അഹ്‌ലാം മോസ്റ്റെഗനെമി, ഈജിപ്ഷ്യൻ എഴുത്തുകാരനും തിരക്കഥാകൃത്തുമായ അഹമ്മദ് മൗറാദ്, മുഹമ്മദ് അൽ ഗന്ദൂർ, കുവൈത്ത് എഴുത്തുകാരൻ ബോതയ്ന അൽ ഇസ്സ, ലബനീസ് കവി തലാൽ ഹൈദർ, ഈജിപ്ഷ്യൻ കവി നൂർ അബ്ദുൽ മെഗുയിഡ്, ഈജിപ്ഷ്യൻ മാധ്യമ പ്രവർത്തകൻ റെഹം അയാദ്, കുവൈത്ത് കവി ഷെറിയൻ അൽ ദിഹാനി, ഈജിപ്ഷ്യൻ നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ താരീഖ് ഇമാം, സൗദി കവി ഫഹദ് അൽ ഷഹ്‌റാനി, ഖത്തറി കവി നാസർ അലോബർ എന്നിവരും പങ്കെടുക്കും.
∙ ഇന്ത്യയിൽ നിന്ന് ബോളുവുഡ് നടി കരീനാ കപൂർ; വോൾ സോയിങ്കയും എത്തും
ഇന്ത്യയിൽ നിന്ന് നടി കരീന കപൂർ ആണ് ഇപ്രാവശ്യമെത്തുന്ന പ്രമുഖരിലൊരാൾ. തന്റെ കരീനാ കപൂർ ഖാൻസ് പ്രഗ്നൻസി ബൈബിൾ; ദി അൾടിമേറ്റ് മാന്വൽ ഫോർ മംസ് ടു ബി എന്ന പുസ്തകവുമായാണ് താരം എത്തുക. 1986 ലെ സാഹിത്യ നൊബേൽ ജേതാവ് നൈജീരിയൻ നാടകകൃത്തും നോവലിസ്റ്റുമായ വോൾ സോയിങ്കയാണ് മറ്റൊരു പ്രധാന അതിഥി.
കൂടാതെ ഇന്ത്യൻ എഴുത്തുകാരി മോണിക്ക ഹാലൻ, ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്, ഡച്ച് എഴുത്തുകാരൻ സ്വാമി പൂർണചൈതന്യ, , സ്വീഡിഷ് എഴുത്തുകാരൻ തോമസ് എറിക്സൺ, ബ്രിട്ടീഷ്-പാക്കിസ്ഥാൻ നോവലിസ്റ്റും എഴുത്തുകാരനുമായ മൊഹ്‌സിൻ ഹമീദ്, ചെക്ക്-കനേഡിയൻ ശാസ്ത്രജ്ഞൻ വക്ലാവ് സ്മിൽ എന്നിവരാണ് മറ്റു പ്രമുഖർ.