മൂന്ന് ഡസനോളം ബാര്‍ റെസ്റ്റോറന്റുകള്‍ക്ക് പൂട്ട്; മിക്കതും മലയാളികളുടേത്, നിരവധി പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി, ഒട്ടേറെ പേരുടെ ജോലി പോയി

0
4084

വന്‍ തുക പിഴ അടച്ച ശേഷം ടൂറിസം മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച ശേഷം മാത്രമെ ഇനി ഇവ പഴയ പോലെ തുറന്നു പ്രവര്‍ത്തിക്കാനാകൂ

മനാമ: ബഹ്‌റൈനില്‍ നിയമലംഘനങ്ങളുടെ പേരില്‍ 32 ബാര്‍ റെസ്റ്റോറന്റുകള്‍ അടച്ചുപൂട്ടി. ഇവയില്‍ കൂടുതല്‍ ബാറുകളും നടത്തിയിരുന്നത് മലയാളികളായിരുന്നു. ഇതോടെ മലയാളികള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ റെസ്‌റ്റോറന്റുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്ന കലാകാരന്മാര്‍ക്ക് ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് ജോലി നഷ്ടമായത്.

എന്റര്‍ടെയ്ന്‍മെന്റ് ഏരിയ എന്ന് അറിയപ്പെടുന്ന ബ്ലോക്ക് 338 ഏരിയയിലെ 32 ബാര്‍ റെസ്‌റ്റോറന്റുകളാണ് കഴിഞ്ഞ ആഴ്ച അടച്ചത്. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന കാരണത്തിലാണ് ഇവ പൂട്ടിച്ചത്. വന്‍ തുക പിഴ അടച്ച ശേഷം ടൂറിസം മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ച ശേഷം മാത്രമെ ഇനി ഇവ പഴയ പോലെ തുറന്നു പ്രവര്‍ത്തിക്കാനാകൂ. 10,000 ദിനാര്‍ മുതല്‍ 30,000 ദിനാര്‍ വരെയാണ് പല റെസ്റ്റോറന്റുകള്‍ക്കും പിഴ ചുമത്തിയിട്ടുള്ളത്.

സ്വദേശി ഉടമകളില്‍നിന്ന് സബ് ലീസിങ് എടുത്തു നടത്തുന്ന റസ്‌റ്റോറന്റുകളില്‍ പലതും ഇപ്പോള്‍ അധികൃതര്‍ നടപ്പാക്കിയിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചിച്ചിട്ടില്ല. ജീവനക്കാര്‍ക്ക് നിയമാനുസൃത വിസയും ഉണ്ടായിരുന്നില്ല. അടച്ചുപൂട്ടിയവയില്‍ കൂടുതലും മലയാളി ഉടമകള്‍ നടത്തുന്ന റെസ്റ്റോറന്‍റുകളാണ്. ഇവിടെ ജോലി ചെയ്തിരുന്ന മലയാളികളടക്കമുള്ളവര്‍ക്ക് നിലവില്‍ ജോലിയില്ലാത്ത അവസ്ഥയിലാണ്.