ദുബൈ: ഗതാഗത നിയമങ്ങൾ ലംഘിച്ച് ഇ സ്കൂട്ടറും സൈക്കിളും ഓടിച്ചാൽ ശക്തമായ നടപടി. യുഎഇ റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി നിശ്ചിത പാതയിലൂടെ മാത്രം ഇ-സ്കൂട്ടർ ഓടിക്കണമെന്നും വേഗപരിധി ഉൾപ്പെടെയുളള നിയമങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. ഈ നിയമം ലംഘിക്കുന്നവരിൽ നിന്ന് 300 ദിർഹം വരെ പിഴയും ഈടാക്കുമെന്നും ആർടിഎ അറിയിച്ചു.
ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നവരുടെ നിയമ ലംഘനങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് ആർടിഎ പൊതുജനങ്ങൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിശ്ചിത പാതയിലൂടെ മാത്രമെ സൈക്കിളുകളും ഇ-സ്കൂട്ടറുകളും ഓടിക്കാൻ പാടുള്ളൂ.
സൈക്കിളിൽ മറ്റൊരു ആളെ കൂടി കയറ്റിയാൽ 200 ദിർഹമാണ് പിഴ. ഇ-സ്കൂട്ടറിന് 300 ദിർഹമാണ് പിഴ. സുരക്ഷാ ഗിയറും ഹെൽമറ്റും ധരിച്ചില്ലെങ്കിൽ 200 ദിർഹം പിഴ ചുമത്തും. നിശ്ചിത വേഗപരിധി പാലിക്കാത്തവർക്കും മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തിൽ സൈക്കിൾ ഓടിച്ചാൽ 300 ദിർഹമാണ് പിഴ. റെസിഡൻഷ്യൽ ഏരിയകളിലും ബീച്ചുകളിലും ട്രാക്കുകളുടെ പരമാവധി വേഗത മണിക്കൂറിൽ 20 കിലോമീറ്ററാണ്.




