താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ സഊദിയിൽ ശക്തമായ പരിശോധന

0
1689

റിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ സഊദിയിൽ ശക്തമായ പരിശോധന തുടരുകയാണ്. സെപ്റ്റംബർ 21 മുതൽ 27 വരെയുള്ള ഒരാഴ്ചക്കുള്ളിൽ രാജ്യത്തി​ന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 11,465 പ്രവാസികൾ പിടയിലായെന്ന്​ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വിവിധ സുരക്ഷാ വിഭാഗങ്ങളുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധന കാമ്പയിനിടയിലാണ് ഇത്രെയും പേരെ അറസ്​റ്റ്​ ചെയ്തത്.

താമസ നിയമം ലംഘിച്ച 7,199 പേർ, അതിർത്തി സുരക്ഷാ ചട്ടം ലംഘിച്ച 2,882 പേർ, തൊഴിൽ നിയമ ലംഘനം നടത്തിയ 1,384 പേർ എന്നിവരാണ് അറസ്​റ്റിലായതെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 711 പേർ അറസ്​റ്റിലായത്.

ഇവരിൽ യമനികൾ 52 ശതമാനവും എത്യോപ്യക്കാർ 45 ശതമാനവും മറ്റു വിവിധ രാജ്യക്കാർ 14 ശതമാനവുമാണ്. 42 നിയമ ലംഘകർ സൗദി അറേബ്യയിൽ നിന്ന് പുറത്ത്​ കടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടവരാണ്.

താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അവർക്ക് അഭയം നൽകുകയും നിയമ ലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത 15 പേരും അറസ്​റ്റിലായിട്ടുണ്ട്. മൊത്തം 43,772 നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്.