റിയാദ്: സഊദിയിൽ വാഹനാപകടത്തിൽ മരിച്ച ആന്ധ്രസ്വദേശികളായ യുവദമ്പതികളുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ ഖബറടക്കി. കുവൈത്തിൽ നിന്ന് ഉംറ നിർവഹിക്കാൻ സൗദിയിലെത്തിയ ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്റാക് സർവർ (31), മക്കളായ മുഹമ്മദ് ദാമിൽ ഗൗസ് (രണ്ട്), മുഹമ്മദ് ഈഹാൻ ഗൗസ് (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കിയത്. എക്സിറ്റ് 15ലെ അൽരാജ്ഹി പള്ളിയിലാണ് മയ്യിത്ത് നമസ്കാരം നിർവഹിച്ചത്.
കഴിഞ്ഞ മാസം 25ന് വെള്ളിയാഴ്ച പുലർച്ചെ ആറുമണിക്ക് റിയാദ് നഗരത്തിന് കിഴക്ക് തുമാമയിലെ ഹഫ്ന – തുവൈഖ് റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് കാറും സൗദി പൗരൻ ഓടിച്ച ട്രെയ്ലറും കൂട്ടിയിടിച്ച് തീപിടിച്ചായിരുന്നു അപകടം. പൂർണമായും കത്തിയമർന്ന ഫോർഡ് കാറിനുള്ളിൽ തീയിലകപ്പെട്ടാണ് നാലുപേരും മരിച്ചത്.
കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ കഴിയാത്ത നിലയിലായ മൃതദേഹങ്ങൾ റൂമ ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. തുടർന്ന് ഡി.എൻ.എ പരിശോധനയിലൂടെയാണ് ഓരോ മൃതദേഹങ്ങളും തിരിച്ചറിഞ്ഞത്. കഴിഞ്ഞദിവസമാണ് ഡി.എൻ.എ പരിശോധന ഫലം ലഭിച്ചത്. കെ.എം.സി.സി ജീവകാരുണ്യവിഭാഗം ചെയർമാനും പ്രമുഖ സാമൂഹികപ്രവർത്തകനുമായ സിദ്ദീഖ് തുവ്വൂരിന്റെ നേതൃത്വത്തിലാണ് എല്ലാനടപടിക്രമങ്ങളും പൂർത്തിയാക്കി മൃതദേഹങ്ങൾ മറവുചെയ്തത്. അപകടമുണ്ടായ സമയം മുതൽ സഹായത്തിന് രംഗത്തിറങ്ങിയ അദ്ദേഹം സൗദി പൊലീസ്, ഫോറൻസിക് വിങ്, ആശുപത്രി, ഇന്ത്യൻ എംബസി എന്നിവയുമായെല്ലാം ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് നിയമനടപടികളെല്ലാം പൂർത്തീകരിച്ചത്.




