കോട്ടയം: കായലിന് കുറുകെയുള്ള ഏറ്റവും നീളമുള്ള പാലം യാഥാര്‍ഥ്യമാകാന്‍ ഇനി മാസങ്ങള്‍ മാത്രം. വേമ്പനാട് കായലാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി സുന്ദരമായ പെരുമ്പളം ദ്വീപിനെ വടുതലയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ ഏഴുപത് ശതമാനം ജോലികളും പൂർത്തിയായി. അര നൂറ്റാണ്ട് കാലമായുള്ള ദീപിലെ ജനങ്ങളുടെ സ്വപ്നമാണ് ഒരു കിലോമീറ്ററിലധികം നീളമുള്ള പാലത്തിലൂടെ പൂവണിയുന്നത്.
ചേര്‍ത്തലയില്‍ നിന്ന് 19 കിലോമീറ്റർ പിന്നിട്ടാല്‍ പാണാവള്ളി എത്തും. പിന്നെ ബോട്ടില്‍ വേമ്പനാട്ട് കായല്‍ കടന്നാല്‍ പെരുമ്പളം ദ്വീപിൽ എത്താം. കേരളത്തിലെ ഏറ്റവും വലിയ ദ്വീപ് പഞ്ചായത്താണ് പെരുമ്പളം. ഈ ദ്വീപിൽ താമസിക്കുന്നത് മൂവായിരം കുടുംബങ്ങളാണ്. ബോട്ടോ ജങ്കാറോ മാത്രമാണ് പുറം ലോകത്തേക്കുള്ള ഏക ആശ്രയം. 15 വര്‍ഷം മുമ്പ് ഈ സൗകര്യം പോലുമില്ലായിരുന്നു. ഒടുവിൽ ഭരണകൂടം കണ്ണു തുറന്നതോടെ 2019ല്‍ പെരുമ്പളത്തെ പാണാവള്ളിയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് അനുമതിയായി.
പക്ഷേ നിർമ്മാണ കരാറിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം രണ്ട് വർഷത്തോളം പണി തടസപ്പെട്ടു. ഒടുവിൽ ഊരാളുങ്കൽ ലേബര്‍ സൊസൈറ്റി ജോലി ഏറ്റെടുത്തു. ഇപ്പോള്‍ 70 ശതമാനം ജോലിയും പൂർത്തിയായിരിക്കുകയാണ്.1115 മീറ്റർ നീളമാണ് പാലത്തിനുള്ളത്. നിര്‍മാണ ചെലവ് നൂറ് കോടിയാണ്. 81 ഗര്‍ഡറില്‍ 60 എണ്ണവും 30 സ്ലാബുകളില്‍ 12 എണ്ണവും പൂര്‍ത്തിയായി കഴിഞ്ഞു. പാലം പൂര്‍ത്തിയാകുന്നതോടെ ടൂറിസം രംഗത്തും വലിയ മാറ്റവും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.