എടക്കര: കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന്‍ മരിച്ചു. ഉപ്പട ചെമ്പന്‍കൊല്ലി പാലക്കാട്ട് തോട്ടത്തില്‍ ജോസാണ് (63) മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം. രാവിലെ മേയ്ക്കാന്‍ വിട്ട പശുവിനെ തിരികെ കൊണ്ടുവരാന്‍ വനത്തിന് സമീപത്തേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.
കുട്ടിയുമായി നിന്ന പിടിയാനയാണ് ജോസിനെ ആക്രമിച്ചതെന്നാണ് വിവരം. ജോസിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഉപ്പട സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്
നിലമ്പൂര്‍ ജില്ലാ ആശുപത്രിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാലിനും വാരിയെല്ലിനും ഗുരുതര പരിക്കേറ്റിരുന്നു. വവനാതിര്‍ത്തിയോട് ചേര്‍ന്ന ഈ വനമേഖലയില്‍ മുമ്പും കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. ജോസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ലൈസയാണ് ജോസിന്റെ ഭാര്യ. മക്കള്‍: ജിതിന്‍, ജിന്റു. മരുമക്കള്‍: റീന, ഷിനില്‍.




