വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പിന്മാറണം: കാന്തപുരം

0
2303

കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വിവാദമായതോടെയാണ് വിശദീകരണം

കോഴിക്കോട്: നബിയെ അപകീര്‍ത്തിപ്പെടുത്തുന്നതും നിന്ദിക്കുന്നതുമായ ധാരണകള്‍ വച്ചുപുലര്‍ത്തുന്നവര്‍ക്ക് എങ്ങനെയാണ് യഥാര്‍ഥ മുസ്‌ലിമാവാന്‍ സാധിക്കുകയെന്നാണു താൻ പ്രസംഗത്തില്‍ പറഞ്ഞതെന്നു സമസ്ത കേരള ജംഇയത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍.

വാക്കുകള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തും ദുര്‍വ്യാഖ്യാനം ചെയ്തും സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് എല്ലാവരും പിന്മാറണമെന്നും  കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ ആവശ്യപ്പെട്ടു. മുസ്‌ലിങ്ങള്‍ക്കെതിരെ ബഹു ദൈവത്വവും മതനിഷേധവും ആരോപിക്കുന്നതു സുന്നികളുടെ രീതിയല്ലെന്നും ഉത്ഭവ കാലം മുതല്‍ മുജാഹിദുകളുടെ ശൈലിയാണതെന്നും കാന്തപുരം വിശദീകരിച്ചു.

അതേസമയം മുസ്‌ലിം സമുദായത്തെ തമ്മിൽ തല്ലിച്ചു കാര്യസാധ്യം നേടുന്ന നിലപാടു കാന്തപുരം അബൂബക്കർ മുസല്യാർ അവസാനിപ്പിക്കണമെന്നു കെഎൻഎം മർകസുദ്ദഅവ സംസ്ഥാന ജനറൽ സെക്രറി സി.പി.ഉമർ സുല്ലമി ആവശ്യപ്പെട്ടു. ഫാസിസ്റ്റ് കാലത്തു ഭിന്നതകൾ മറന്ന് ഒന്നിക്കാൻ മുസ്‌ലിങ്ങളും ഇതര സമുദായങ്ങളും ഐക്യപ്പെടാൻ മുന്നോട്ടു വരുമ്പോൾ മുസ്‌ലിങ്ങൾക്കിടയിൽ തന്നെ ശത്രുത ഇളക്കിവിടുന്നത് പൊറുപ്പിക്കാവുന്നതല്ലെന്നും അദ്ദേഹം വിവരിച്ചു. 

മുസ്‌ലിം സമുദായത്തിൽപ്പെട്ടവർ ആരൊക്കെയാണെന്നു തീരുമാനിക്കാൻ കാന്തപുരത്തെ സമുദായം ചുമതലപ്പെടുത്തിയിട്ടില്ല. മുസ്‌ലിം സമുദായത്തെ അന്ധവിശ്വാസങ്ങളിൽ തളച്ചിട്ട് ആത്മീയ തട്ടിപ്പു നടത്തിയാൽ ആരായാലും മുജാഹിദ് പ്രസ്ഥാനം ചോദ്യം ചെയ്യും. ആത്മീയ വാണിഭത്തിനു ഭംഗം വരുമ്പോൾ മുജാഹിദ്-ജമാഅത്ത് പ്രസ്ഥാനങ്ങൾക്കെതിരെ കാഫിർ ഫത്‌വയുമായി വന്നിട്ടു കാര്യമില്ല.

മുസ്‌ലിം സമുദായം വൈജ്ഞാനിക മുന്നേറ്റം നടത്തിയ ഇക്കാലത്തും പ്രവാചകന്റെ മുടിയും പൊടിയും വിറ്റു കാശാക്കാമെന്നതു മൗഢ്യമാണ്. സംഘപരിവാറിനോടുള്ള ഭ്രമം അവസാനിപ്പിച്ചു കാന്തപുരം അബൂബക്കർ മുസല്യാർ മുസ്‌ലിം സമുദായത്തിന്റെ പൊതുധാരയിലേക്കു വരണമെന്നും സി.പി.ഉമർ സുല്ലമി ആവശ്യപ്പെട്ടു.