ദിവ്യശ്രീ വധക്കേസ്: നടുക്കുന്ന രംഗങ്ങൾ സ്ക്രീനിൽ തെളിഞ്ഞപ്പോൾ കോടതിയിലുള്ളവർ വരെ തരിച്ചുനിന്നു…, എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തോട് ഇളവു നൽകണമെന്ന് കെഞ്ചി പ്രതി 

0
4

ഫോട്ടോ: കൊല്ലപ്പെട്ട ദിവ്യശ്രീ, പ്രതി രാജേഷ്

തലശ്ശേരി: സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും കോടതിമുറിയിലെത്തിച്ചു നടത്തിയ വിചാരണയായിരുന്നു ദിവ്യശ്രീ വധക്കേസിലേത്. നടുക്കുന്ന രംഗങ്ങൾ സ്ക്രീനിൽ തെളിഞ്ഞപ്പോൾ, കോടതിയിലുണ്ടായിരുന്നവർ തരിച്ചുനിന്നു. കൊലപാതകത്തിന് ഉപയോഗിച്ച കൊടുവാൾ പ്രതി രാജേഷ് പയ്യന്നൂരിലെ കടയിൽനിന്നു വാങ്ങുന്നത്, സംഭവശേഷം പയ്യന്നൂർ ബസ് സ്റ്റാൻഡ് പരിസരത്തെ എടിഎം കൗണ്ടറിൽനിന്നു പണം പിൻവലിക്കുന്നത്, പെരുമ്പപ്പുഴയിൽ ഉപേക്ഷിച്ച കൊടുവാൾ അഗ്നിരക്ഷാസേനയുടെ സ്കൂബാ ടീം മുങ്ങിയെടുക്കുന്നത്, കൊലപാതകശേഷം കണ്ണൂർ പുതിയതെരുവിലെ ബാറിലെത്തി പ്രതി മദ്യപിക്കുന്നത്, ഇതിനിടെ പൊലീസെത്തി പിടികൂടുന്നത്…. ഈ ദൃശ്യങ്ങളെല്ലാം കോടതിയിൽ പ്രദർശിപ്പിച്ചു.

സംഭവംനടന്ന് ഒന്നരവർഷത്തിനകമാണ് കേസിൽ വിധി വരുന്നത്. 36 ദിവസംകൊണ്ടു വിചാരണ പൂർത്തിയാക്കി (‌‌‌2026 ജനുവരി 19 – ഫെബ്രുവരി 24). അന്വേഷണ ഉദ്യോഗസ്ഥനായ കെ.പി.ശ്രീഹരിയെ 5 ദിവസം വിസ്തരിച്ചു. പരാതിക്കാരനായ അയൽവാസി ശശിമോഹൻ, ദിവ്യശ്രീയുടെ അച്ഛൻ വാസു, സഹോദരി പ്രവിത, പോസ്റ്റ്മോർട്ടം നടത്തിയ പരിയാരം മെഡിക്കൽ കോളജ് ഫൊറൻസിക് സർജൻ ഡോ. ടി.എം.പ്രജിത്ത് തുടങ്ങി 65 സാക്ഷികളെ വിസ്തരിച്ചു. 51 തൊണ്ടിമുതലുകൾ ഹാജരാക്കി. 102 രേഖകൾ മാർക്ക് ചെയ്തു. കൊലപാതകം, വധശ്രമം, തെളിവുനശിപ്പിക്കൽ, കൊലപാതകത്തിനായി വീട്ടിൽ അതിക്രമിച്ചുകയറൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്.

എന്തെങ്കിലും പറയാനുണ്ടോ എന്നു കോടതി ചോദിച്ചപ്പോൾ, 65 വയസ്സായ അമ്മയ്ക്കു ശാരീരിക – മാനസിക ബുദ്ധിമുട്ടുണ്ടെന്നും സംരക്ഷിക്കാൻ താനല്ലാതെ മറ്റാരുമില്ലെന്നും അതിനാൽ ഇളവു നൽകണമെന്നും പ്രതി പറഞ്ഞു. അതിക്രൂരമായാണ് ഭാര്യയെ വെട്ടിക്കൊന്നതെന്നും അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് വധശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടു. നിരായുധയായ സ്ത്രീയെ മുൻകൂട്ടി ആസൂത്രണം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു – പ്രോസിക്യൂട്ടർ പറഞ്ഞു.

2011ൽ പ്രണയവിവാഹിതരായ രാജേഷും ദിവ്യശ്രീയും രാജേഷിന്റെ സ്ഥിര മദ്യപാനംമൂലം പിന്നീട് അകന്നു. വിവാഹബന്ധം വേർപെടുത്തണമെന്നും തന്റെ 7 ലക്ഷം രൂപ തിരികെക്കിട്ടണമെന്നും ആവശ്യപ്പെട്ട് ദിവ്യശ്രീ കണ്ണൂർ കുടുംബക്കോടതിയിലാണു പരാതി നൽകിയത്. സംഭവദിവസം കോടതിയിൽനിന്നു തിരിച്ചെത്തിയ ദിവ്യശ്രീ, അന്നു വൈകിട്ട് ശബരിമല ഡ്യൂട്ടിക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു.

വിവാഹ ബന്ധം തുടരാൻ താ‌ൽപര്യമില്ലെന്ന് പറഞ്ഞു, പിന്നാലെ വെട്ടി: പൊലിസ് ഓഫിസറെ തീകൊളുത്തിയും വെട്ടിയും കൊലപ്പെടുത്തി; കണ്ണൂരിലെ ദിവ്യശ്രീ വധക്കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി