ദോഹ: എൻജിനുകളുടെ ഉച്ചത്തിലുള്ള ശബ്ദങ്ങൾക്കും ടിന്റഡ് ഫിലിമുകൾ ഒട്ടിക്കുന്നതും ഉൾപ്പെടെയുള്ള ഗതാഗത ലംഘനങ്ങൾക്കെതിരെ കർശന പരിശോധനാ ക്യാംപെയ്‌നുമായി ഗതാഗത മന്ത്രാലയം രംഗത്ത്.
എൻജിനുകൾക്ക് അനുവദിച്ച ശബ്ദപരിധി മറികടക്കുന്നുണ്ടോയെന്നും കാഴ്ച മറയ്ക്കുന്ന തരം ടിന്റഡ് ഫിലിമുകളാണോ ഒട്ടിച്ചതെന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്. എൻജിൻ ശബ്ദം പാർപ്പിട മേഖലകളിൽ ശബ്ദ മലിനീകരണത്തിന് ഇടയാക്കും. ഇത്തരം പെരുമാറ്റങ്ങൾ തടയാനാണ് അധികൃതരുടെ തീരുമാനം.
കഴിഞ്ഞ ദിവസം ലുസെയ്ൽ മേഖലയിൽ പരിശോധനകൾ നടത്തിയിരുന്നു. വ്യവസ്ഥകൾ ലംഘിക്കുന്ന ഡ്രൈവർമാരോട് വിട്ടുവീഴ്ചയില്ല. പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിച്ച് വാഹനത്തിനുള്ളിൽ പരിഷ്‌കാരം വരുത്തി വലിയ ശബ്ദങ്ങൾ സൃഷ്ടിക്കുന്നതും അമിത വേഗത്തിൽ ഓടിക്കുന്നതും പിഴ ചുമത്താൻ ഇടയാക്കും. വാഹനം പിടിച്ചെടുക്കുകയും ചെയ്യും. വാഹനത്തിന്റെ ശബ്ദം കൂട്ടാൻ പരിഷ്‌കാരങ്ങൾ വരുത്തുന്നവരെ പിടികൂടാനും പരിശോധന ശക്തമാണ്.
സുതാര്യമായ ഫിലിം സീറോ ഗ്ലാസുകൾ ഉപയോഗിച്ചാൽ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം കിട്ടുമെന്ന് മാത്രമല്ല ദൂരക്കാഴ്ച കുറയ്ക്കില്ലെന്നും ലഖ്‌വിയ പട്രോൾ ഓഫിസർ വ്യക്തമാക്കി. അതേസമയം ഇരുണ്ട ഫിലിം ഗ്ലാസുകൾ ദൂരക്കാഴ്ച കുറക്കുന്നതിനൊപ്പം മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടഭീഷണി ഉയർത്തും. റോഡ് സുരക്ഷയ്ക്കാണ് മുൻഗണനയെന്നും ഓഫിസർ വ്യക്തമാക്കി.