സഊദിയിൽ പീഡനത്തിന് ഇരയായ മലയാളി നാടണഞ്ഞു

0
3149

നജ്‌റാൻ: സഊദിയിൽ പീഡനത്തിന് ഇരയായ മലപ്പുറം പാണ്ടിക്കാട് സ്വദേശി സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിൽ നാടണഞ്ഞു. ഏഴു മാസം മുമ്പ് ഹൗസ് ഡ്രൈവർ വിസയിൽ ശറൂറയിൽ എത്തിയ മലപ്പുറം പാണ്ടിക്കാട് സ്വദേശി ജാഫറിനാണ് സ്‌പോൺസറിൽ നിന്നും പീഡനം ഏൽക്കേണ്ടി വന്നത്.

പീഡനം സഹിക്കാനാവാതെ വീട്ടിൽ നിന്നും ഇറങ്ങിയോടിയ ജാഫർ അടുത്തുള്ള മലയാളികളുടെ റൂമിൽ അഭയം തേടുകയായിരുന്നു.
ഈ സമയത്തിനുള്ളിൽ സ്‌പോൺസർ ജാഫറിനെ ഹുറൂബ് ആക്കുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞെത്തിയ ശറൂറ കെ.എം.സി.സി പ്രവർത്തകരായ റാസിഖ് ഫൈറൂസ് വെളിമുക്ക്, അബ്ദു റസാഖ് ചേപ്പൂർ, റഫീഖ് കിണാശ്ശേരി, ഇസ്മായിൽ കണ്ണൂർ, റഫീഖ് കണ്ണൂർ എന്നിവർ സ്‌പോൺസറുമായി ബന്ധപ്പെടുകയും ഹുറൂബ് നീക്കം ചെയ്ത് ഫൈനൽ എക്‌സിറ്റ് വാങ്ങിക്കൊടുക്കുകയും ടിക്കറ്റും വീട്ടിലേക്ക് ആവശ്യമായ സാധനങ്ങളും വാങ്ങിക്കൊടുത്ത് നാട്ടിലേക്ക് കയറ്റി അയക്കുകയും ചെയ്തു. സുബൈർ മഞ്ചേരിയാണ് ജാഫറിനെ നജ്‌റാൻ എയർപോർട്ടിൽ നിന്നും ഫ്‌ളൈ നാസ് വിമാനത്തിൽ നാട്ടിലേക്ക് അയച്ചത്. എല്ലാ കാര്യങ്ങളും ചെയ്ത് കൊടുത്ത കെ.എം.സി.സിക്ക് നന്ദി പറഞ്ഞാണ് ജാഫർ യാത്രയായത്.