‘സ്‌പൈന ബൈഫിഡ’യെ അതിജീവിച്ച് കുഞ്ഞ് മർയം ജനിച്ചു; മിഴി തുറന്നത് പുത്തൻ പ്രതീക്ഷയിലേക്ക്‌

0
1135

അബുദാബി: കൊളംബിയൻ ദമ്പതികളുടെ കുട്ടി മർയം അതിജീവനത്തിന്റെ പുത്തൻ പ്രതീക്ഷയിലേക്കു മിഴി തുറന്നത്. നട്ടെല്ലിലെ തകരാറ് പരിഹരിക്കാൻ ഗർഭപാത്രത്തിനകത്തുവച്ചായിരുന്നു 3 മണിക്കൂർ നീണ്ട സങ്കീർണ ശസ്ത്രക്രിയ. ഗർഭസ്ഥ ശിശുവിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യൻ ഡോക്ടറായി മുംബൈ സ്വദേശിയായ മന്ദീപ് സിങ്. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇരുവരും ആശുപത്രി വിട്ടതായും ഡോക്ടർമാർ അറിയിച്ചു.

സങ്കീർണ മെഡിക്കൽ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ബുർജീൽ മെഡിക്കൽ സിറ്റിയുടെ വൈദഗ്ധ്യത്തിന് ഉദാഹരണം കൂടിയാണിത്. ഗർഭാവസ്ഥയുടെ 24ാം ആഴ്ചയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശിശു 37ാം ആഴ്ചയിലാണ് ജനിച്ചത്.

പ്രസവ സമയത്ത് ഗൈനക്കോളജിസ്റ്റ് ഡോ. ഋതു നമ്പ്യാരാണ് പരിചരിച്ചത്. ജനന സമയത്ത് കുഞ്ഞിന്റെ ഭാരം 2.46 കിലോ. രണ്ടാഴ്ച നവജാത ശിശുക്കളുടെ മെഡിക്കൽ സംഘത്തിന്റെ പരിചരണത്തിനു ശേഷമാണ് ആശുപത്രി വിട്ടത്.
കുടുംബം ഉടൻ കൊളംബിയയിലേക്ക് തിരിക്കും. കൊളംബിയയിലെ കോൾസാനിറ്റാസ് ക്ലിനിക്കിലെ ഡോക്ടർമാരുമായി ആശയവിനിമയം നടത്തി കുഞ്ഞിന്റെ തുടർപരിചരണവും ഉറപ്പാക്കി.