അഡ്മിന് മാത്രം മെസേജ് അയക്കാൻ സാധിക്കുന്ന രീതിയിലാണ് ചാനലുകൾ പ്രവർത്തിക്കുക
ടെലഗ്രാമിലെ ചാനലുകൾക്ക് സമാനമായ ചാനൽ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഇൻസ്റ്റഗ്രാമിലെ ബ്രോഡ്കാസ്റ്റിംഗ് ചാനലുകൾക്ക് സമാനമായി ഒരു കൂട്ടം ആളുകളിലേക്ക് മെസേജുകൾ പങ്കുവെക്കാനാകും. 2023 ജൂണിലാണ് ഈ ഫീച്ചർ വാട്സ്ആപ്പ് ആദ്യമായി അവതരിപ്പിച്ചത്. മറ്റു ചാറ്റുകളിൽ നിന്ന് വിഭിന്നമായി ചാനലുകൾ പിന്തുടരുന്നവർക്ക് മറ്റുള്ള ഫോളോവേഴ്‌സിന്റെ ഐഡന്റിറ്റി അറിയാൻ സാധിക്കില്ല. എന്നാൽ അഡ്മിന് ഫോളോവേഴ്സിൻ്റെ പ്രൊഫൈൽ കാണാൻ സാധിക്കും.
അഡ്മിന് മാത്രം മെസേജ് അയക്കാൻ സാധിക്കുന്ന രീതിയിലാണ് ചാനലുകൾ പ്രവർത്തിക്കുക. ഇന്ത്യക്ക് പുറമെ 150ലധികം രാജ്യങ്ങൾ ഈ ഫീച്ചർ ലഭിക്കും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന സേവനമാണ് പുതിയ ഫീച്ചറായ ‘ചാനല്‍’ അടുത്ത ദിവസം മുതല്‍ സഊദി അറേബ്യയിലും ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. സഊദിയിൽ ഇത് ലഭ്യമാകുന്നതോടെ മലയാളം പ്രസ്സ് ഗൾഫ് അപ്ഡേറ്റ് വായനക്കാർക്ക് പുതിയ ചാനൽ വഴി പൂർണ്ണമായും ഇത് ലഭ്യമാകും
ഇതിനായി വാട്‌സ് ആപ്പ് അപ്‌ഡേറ്റ്‌സ് എന്ന പുതിയ ടാബ് അവതരിപ്പിക്കുന്നുണ്ട്. നേരത്തെ സ്റ്റാറ്റസ് ടാബുള്ളിടത്താണ് ഇപ്പോൾ അപ്‌ഡേറ്റസ് ടാബുള്ളത്. ഇൻവിറ്റേഷൻ ലിങ്കിലൂടെയാണ് ഉപയോക്താക്കൾക്ക് ഒരു ചാനലിലേക്ക് ആക്‌സസ് ചെയ്യാൻ സാധിക്കുക. ഉപയോക്താക്കൾക്ക് അവരുടെ താത്പര്യത്തിനനുസരിച്ച് ചാനലുകൾ സെർച്ച് ചെയ്തു കണ്ടു പിടിക്കാൻ സാധിക്കും. “ടെക്സ്റ്റുകളും ചിത്രങ്ങളും വിഡിയോകളും സ്റ്റിക്കറുകളും ഷെയര്‍ ചെയ്യാനുള്ള ഓപ്ഷന്‍ ചാനലുകളില്‍ നല്‍കിയിട്ടുണ്ട്. സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് അവ നോട്ടിഫിക്കേഷനായി ലഭിക്കും.
ഇൻസ്റ്റഗ്രാം ചാനലുകളെ പോലെ ഇമോജികൾ ഉപയോഗിച്ചാണ് ചാനലിലെ പോസ്റ്റുകളോട് പ്രതികരിക്കാനാവുക. ആകെ പ്രതികരണങ്ങളുടെ എണ്ണം കാണാൻ സാധിക്കുമെങ്കിലും അഡ്മിന്റെ വ്യക്തിഗതമായ മറുപടി ഫോളോവേഴ്‌സിന് കാണാൻ സാധിക്കില്ല. അഡ്മിന് തന്റെ പോസ്റ്റുകൾ 30 ദിവസം വരെ എഡിറ്റ് ചെയ്യാൻ സാധിക്കും. അതുപോലെ അഡ്മിന് ചാനലിലെ കണ്ടന്റുകളുടെ ലിങ്കുകൾ ഗ്രൂപ്പുകളിലും ചാറ്റുകളിലും പങ്കുവെക്കാൻ സാധിക്കും.
ചാനലിൽ മെസേജുകൾ അധികമാകുന്നത് നിയന്ത്രിക്കാൻ 30 ദിവസം മാത്രമെ വാട്‌സ്ആപ്പ് ചാനൽ ഹിസ്റ്ററി സൂക്ഷിക്കുകയുള്ളു. ഫോളോവേഴ്‌സിന്റെ ഡിവൈസിൽ അപ്‌ഡേറ്റുകൾ കൂടുതൽ വേഗത്തിൽ അപ്രത്യക്ഷമാകുന്ന ഫിച്ചറും അഡ്മിൻമാർക്ക് അവരുടെ ചാനലുകളിൽ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതും ഫോർവേർഡ് ചെയ്യുന്നതും തടയാനുള്ള ഫീച്ചറും കമ്പനി ഉടൻ അവതരിപ്പിച്ചേക്കും. അതുപോലെ അഡ്മിന് തന്റെ ചാനൽ ആരൊക്കെ ഫോളോ ചെയ്യണമെന്ന് തീരുമാനിക്കാനും സാധിക്കും.
ഇനി അപ്ഡേറ്റുകൾ നേരിട്ടറിയിക്കും; വാട്സ്ആപ്പ് ചാനൽ തുടങ്ങി മോഹൻലാലും മമ്മൂട്ടിയും
ആരാധകരെ വിശേഷങ്ങൾ നേരിട്ടറിയിക്കാൻ വാട്സാപ്പ് ചാനൽ തുടങ്ങി മോഹൻലാലും മമ്മൂട്ടിയും. വരുംകാല സിനിമകളുടെ അപ്ഡേറ്റുകൾ നേരിട്ടറിയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് താരങ്ങൾ ഇരുവരും ചാനലിൽ ആദ്യ സന്ദേശം പങ്കുവെച്ചിരിക്കുന്നത്. നിരവധി റിയാക്ഷനുകൾ ആദ്യ മെസേജിന് ലഭിക്കുന്നുണ്ട്.
‘ഹലോ, മോഹൻലാൽ ആണ്. നിങ്ങളെ എന്റെ വാട്ട്‌സ്ആപ്പ് ചാനലിലേക്ക് സ്വാഗതം ചെയ്യുന്നു! നിങ്ങൾ ഇവിടെയെത്തിയതിൽ സന്തോഷം, എന്റെ എല്ലാ പ്രോജക്റ്റ് അപ്‌ഡേറ്റുകളും അതാത് സമയങ്ങളിൽ ഇവിടെ അറിയിക്കും. തുടക്കത്തിനായി, ഞാൻ ഇപ്പോൾ തിരുവനന്തപുരത്താണ്, സംവിധായകൻ ജീത്തു ജോസഫിനും ടീമിനുമൊപ്പം ഞങ്ങളുടെ വരാനിരിക്കുന്ന പ്രൊജക്റ്റായ നേരിൽ പ്രവർത്തിക്കുന്നു. കൃത്യമായി അപ്ഡേറ്റുകൾ ലഭ്യമാകാൻ ഈ ചാനലിൽ ചേരാൻ ഓർക്കുക. നന്ദി,’ എന്നാണ് മോഹൻലാൽ കുറിച്ചത്.
‘എന്റെ ഔദ്യോഗിക വാട്ട്‌സ്ആപ്പ് ചാനലിന്റെ ലോഞ്ച് പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ട്. എന്നെക്കുറിച്ചുള്ള വിവരണങ്ങളും അപ്‌ഡേറ്റുകളും പോസ്റ്റുചെയ്യാൻ ഞാൻ ഈ ചാനൽ ഉപയോഗിക്കുന്നതിനാൽ ഇതിൽ ചേരാൻ നിങ്ങളെ എല്ലാവരെയും ഞാൻ ക്ഷണിക്കുകയാണ്,’ എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്.
ശനിയാഴ്ചയാണ് ഇരുവരും ചാനൽ ആരംഭിച്ചത്. മോഹൻലാൽ ഇന്നലെ ആദ്യ സന്ദേശം പങ്കുവെച്ചു. പുതിയ ചിത്രത്തിനൊപ്പമാണ് മമ്മൂട്ടി ഇന്ന് ആദ്യ മെസേജ് പങ്കുവെച്ചത്. 21.8കെ ഫോളോവേഴ്സ് ഇതിനോടകം മമ്മൂട്ടിക്ക് ലഭിച്ചപ്പോൾ മോഹൻലാലിനെ പിന്തുടരുന്നവർ 24കെ ആണ്.