കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന് ഇന്ത്യയുടെ ആദരം; രാഷ്ട്രപതി ഭവനിൽ ഗാർഡ് ഒഫ് ഓണർ

0
4410

ന്യൂഡൽഹി: സഊദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരന് രാഷ്ട്രപതിയുടെ സ്വീകരണം. രാഷ്ട്രപതി ഭവനിൽ വെച്ച് ഗാർഡ് ഒഫ് ഓണർ നൽകിയാണ് ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപതി മുർമു, സഊദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് രാജകുമാരന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണം നൽകിയത്.

ന്യൂഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുത്തതിന് ശേഷം സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടന്ന സ്വാഗത ചടങ്ങോടെയാണ് ഇന്ത്യയുമായുള്ള ഔദ്യോഗിക സന്ദർശനം ആരംഭിച്ചത്. 30 രാജ്യങ്ങളുടെ നേതാക്കൾ ഇന്ത്യൻ തലസ്ഥാനത്ത് ഒത്തുചേർന്ന ദ്വിദിന ഉച്ചകോടിയുടെ സമാപനത്തിന് ശേഷമാണ് എം ബി എസിനു ഇന്ത്യ ഔദ്യോഗിക സ്വീകരണം നൽകിയത്. ഇന്ത്യയുമായുള്ള സഊദി അറേബ്യയുടെ ശക്തമായ ബന്ധം മുൻ നിർത്തിയാണ് ഇന്ത്യ കിരീടവകാശിക്ക് പ്രത്യേക സ്വീകരണം നൽകിയത്.

മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഇന്ന് ചർച്ച നടത്തി. വ്യാപാരം, സമ്പദ് വ്യവസ്ഥ, പ്രതിരോധം, സാംസ്‌കാരിക സഹകരണം എന്നിവയായിരുന്നു പ്രധാന ചർച്ചകൾ. ഇന്ന് ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച്ച. 2019 ൽ റിയാദിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ച സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ആദ്യയോഗം കൂടിയായിരുന്നു ഇത്. യോഗത്തിൽ ഇരു നേതാക്കളും സഹ-അധ്യക്ഷത വഹിച്ചു.

സഊദി അറേബ്യ അതിന്റെ ഏറ്റവും അടുത്തതും വലുതുമായ തന്ത്രപരമായ പങ്കാളികളിൽ ഒന്നായി ഇന്ത്യയെ കണക്കാക്കപ്പെടുന്നുവെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. ആഗോള സമാധാനത്തിന് ഞങ്ങളുടെ ബന്ധം പ്രധാനമാണ്. ഇന്നത്തെ കൂടിക്കാഴ്ച്ച ഞങ്ങളുടെ ബന്ധത്തിന് ഒരു പുതിയ മാനം നൽകും, അത് മനുഷ്യരാശിക്ക് വേണ്ടി പ്രവർത്തിക്കാൻ ഞങ്ങളെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയ്ക്കിടയിലുള്ള സാമ്പത്തിക ഇടനാഴിക്കായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചതായി പ്രഖ്യാപിച്ചിരുന്നു. മൂന്ന് മേഖലകൾ തമ്മിലുള്ള വാണിജ്യ വ്യാപാരം വർദ്ധിപ്പിക്കുന്ന ഇടനാഴിയിൽ റെയിൽവേ, വൈദ്യുതി, ഹൈഡ്രജൻ പൈപ്പ് ലൈനുകൾ എന്നിവ ഉൾപ്പെടുന്നു, ഇത് അന്താരാഷ്ട്ര ഊർജ്ജ സുരക്ഷയ്ക്ക് സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ജി 20 ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു.

ഈ പുതിയ സംരംഭം മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഇന്ത്യ എന്നീ തുറമുഖങ്ങളെ ബന്ധിപ്പിക്കുമെന്നും സഊദി കിരീടാവകാശി കൂട്ടിച്ചേർത്തു. യു.എ.ഇ, അമേരിക്ക, ജർമനി, ഫ്രാൻസ്, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളും കരാറിൽ ഉൾപ്പെടുന്നു.

രാഷ്ട്രപതി ഭവനിലെ ഗാർഡ് ഒഫ് ഓണർ വീഡിയോ കാണാം 👇