പാചകവാതകത്തിന് പിന്നാലെ പെട്രോൾ-ഡീസൽ വിലയും കുത്തനെ കുറയ്ക്കും; കേന്ദ്രസർക്കാർ തീരുമാനം ഉടനെന്ന് സൂചന

0
2023

ന്യൂഡൽഹി: രാജ്യത്തെ പെട്രോളിയം ഇന്ധനങ്ങളുടെ വിലയിൽ കുറവ് വരുത്തുമെന്ന് സൂചന. ദീപാവലിയോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ ഇളവ് പ്രഖ്യാപിക്കുമെന്നാണ് വിവരം. പെട്രോൾ, ഡീസൽ വിലയിൽ മൂന്ന് മുതൽ അഞ്ച് വരെ കുറവുണ്ടായേക്കും. ജെഎം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റീസിലെ റിപ്പോർട്ടിനെ ആധാരമാക്കിയാണ് ഇന്ധന വില പരിഷ്കരണത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നത്.

ഗാർഹിക, വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വ്യത്യാസം വരുത്തിയതിന് പിന്നാലെയാണ് പെട്രോൾ, ഡീസൽ നിരക്കും കുറയ്ക്കുമെന്ന വാർത്ത പുറത്തുവരുന്നത്. കഴിഞ്ഞ മാസം 29ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ 200 രൂപ കുറയ്‌ക്കാൻ തീരുമാനിച്ചത്.

പിന്നാലെ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലക്കുറവ് പ്രഖ്യാപിച്ചു. 10 കിലോ സിലിണ്ടറിന് 158 രൂപയാണ് കുറച്ചത്.വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും പാർലമെന്റ് തിരഞ്ഞെടുപ്പും മുൻനിർത്തിയാണ് രക്ഷാ ബന്ധൻ ദിനത്തിൽ പാചക വാതകത്തിനും ദീപാവലിയ്ക്ക് മുന്നോടിയായി ഫോസിൽ ഇന്ധനത്തിന്റെയും വില കുറയ്ക്കാൻ കേന്ദ്രം തീരുമാനമെടുത്തത് എന്നാണ് വിവരം. രാജ്യമെമ്പാടുമുള്ള സാധാരണക്കാരെയും മദ്ധ്യവർഗത്തെയും ഒരുപോലെ ബാധിക്കുന്ന തീരുമാനമായതിനാലാണ് സർക്കാർ വിശേഷ ദിവസങ്ങളിൽ വിലക്കുറവ് പ്രഖ്യാപിക്കുന്നത് എന്നാണ് റിപ്പോർട്ട്.

അതേസമയം, തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെയുള്ള പൊതുജന വികാരം ശമിപ്പിക്കുകയും തുടർഭരണം ലക്ഷ്യമിടുകയുമാണ് മോഡി സർക്കാറിന്റെ പുതിയ നീക്കത്തിനു പിന്നിൽ എന്നാണ് അനുമാനം.