ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ സാധിച്ചില്ല; പ്രാര്‍ത്ഥന ഫലിക്കാത്തതിനാല്‍ ശിവലിംഗം മോഷ്ടിച്ച് യു.പി സ്വദേശി

0
1956

ലഖ്‌നൗ: ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ സാധിക്കാതെ വന്നത് മൂലമുളള നിരാശയില്‍ ക്ഷേത്രത്തില്‍ നിന്നും ശിവലിംഗം മോഷ്ടിച്ച യു.പി സ്വദേശിയായ യുവാവ് അറസ്റ്റില്‍.തന്റെ പ്രാര്‍ത്ഥന സഫലമാകാത്തതില്‍ നിരാശപൂണ്ടാണ് ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലെ ചോട്ടു എന്ന യുവാവ് ശിവലിംഗം മോഷ്ടിച്ചത് എന്നാണ് പൊലിസ് അറിയിച്ചിരിക്കുന്നത്.

27 വയസുകാരനായ ചോട്ടുവിന് യുവതിയെ വിവാഹം കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും യുവാവിന്റെ കുടുംബം തടസം ഉന്നയിച്ചിരുന്നു. ഇതോടെ വീട്ടുകാരുടെ മനസ് മാറാനായി ഇയാള്‍ സ്ഥിരമായി രാവിലെ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥിച്ചിരുന്നതായും വഴിപാടുകള്‍ നേര്‍ന്നിരുന്നതായും ഇയാളുടെ അയല്‍വാസികള്‍ പൊലിസിനോട് പറഞ്ഞു. എന്നാല്‍ ഒരു പ്രാര്‍ത്ഥന ഒരു മാസം പിന്നിട്ടിട്ടും പ്രതീക്ഷിച്ച ഫലം ഉണ്ടാകാതിരുന്നതോടെയാണ് ഇയാള്‍ ക്ഷേത്രത്തില്‍ നിന്നും വിഗ്രഹം മോഷ്ടിക്കാന്‍ തീരുമാനിച്ചത്.

സെപ്റ്റംബര്‍ മാസം ഒന്നാം തീയതിയാണ് ചോട്ടു വിഗ്രഹം മോഷ്ടിച്ച് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചതെന്നാണ് സ്ഥലം സര്‍ക്കിള്‍ ഓഫീസറായ അഭിഷേക് കുമാര്‍ പി.ടി.ഐയെ അറിയിച്ചിരിക്കുന്നത്.ക്ഷേത്രത്തില്‍ നിന്നും വിഗ്രഹം കാണാനില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ പൊലിസിനെ വിവരം അറിയിക്കുകയും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിഗ്രഹം കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തുകയുമായിരുന്നു. ഇതിനോട് അനുബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ചോട്ടുവിനെ പൊലിസ് പിടികൂടുന്നത്.