പ്രവാസി അവധി കഴിഞ്ഞെത്തിയപ്പോള്‍ അടച്ചിട്ട വീട്ടിലെ വൈദ്യുതി, വാട്ടര്‍ ബില്ല് ലക്ഷങ്ങള്‍! പരിശോധിച്ചപ്പോള്‍ കണ്ടത്…

0
2680

ദുബൈ: അവധി കഴിഞ്ഞ് വീട്ടിലെത്തിയ പ്രവാസി വൈദ്യുതി, വാട്ടര്‍ ബില്ല് കണ്ട് ഞെട്ടി. ദുബൈയില്‍ താമസിക്കുന്ന ബ്രിട്ടീഷ് പ്രവാസിയായ ഡേവിഡ് റിച്ചാര്‍ഡ് സ്‌പോര്‍സ് ആണ് ലക്ഷങ്ങളുടെ ബില്ല് കണ്ട് അമ്പരന്നത്. 20,179 ദിര്‍ഹം (നാലര ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) ആണ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ)യില്‍ നിന്ന് ലഭിച്ച ബില്ല്.

വൈദ്യുതിക്ക് 1,383.17 ദിര്‍ഹം, ദുബൈ മുന്‍സിപ്പാലിറ്റി ഫീസായി 1,804.42 ദിര്‍ഹം, ഓഗസ്റ്റ് മാസത്തെ വെള്ളത്തിന് 16,992.38 ദിര്‍ഹം എന്നിങ്ങനെയായിരുന്നു ബില്ല്. അസാധാരണമായ ബില്ലിന്റെ കാരണം പരിശോധിച്ചപ്പോഴാണ് സ്‌പോര്‍സ് ശരിക്കും അമ്പരന്നു പോയത്. യുകെയിലേക്ക് വേനലവധിക്ക് പോകുമ്പോള്‍ പൂന്തോട്ടത്തില്‍ വെള്ളം ലീക്കായതാണ് കാരണം. താന്‍ യുകെയില്‍ നിന്ന് മടങ്ങിയതെത്തിയ ഓഗസ്റ്റ് 11നാണ് ജല ചോര്‍ച്ച കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ടാങ്കിലെ ഫ്‌ലോട്ട് വാല്‍വിന്റെ തകരാറാണ് ഇതിന് കാരണമായത്.

വാട്ടര്‍ ടാങ്ക് കവിഞ്ഞൊഴുകുകയും 30 ദിവസത്തേക്ക് തുടര്‍ച്ചയായി ചോര്‍ച്ചയുണ്ടാക്കുകയും ചെയ്തു. ദീവയുടെ ബില്ല് അനുസരിച്ച് 319,200 ഗാലന്‍ വെള്ളമാണ് ഉപയോഗിച്ചത്. അസാധാരണമായ ഉപഭോഗം സംബന്ധിച്ച് തനിക്ക് സന്ദേശം ലഭിച്ചിട്ടില്ലെന്ന് സ്‌പോര്‍സ് വകുപ്പിനെ അറിയിച്ചിട്ടുണ്ട്.