തായിഫ്: ബാങ്കിന്റെ പേരിൽ വന്ന വ്യാജ മെസ്സേജിൽ കുരുങ്ങി പ്രതിസന്ധിയിലായ മലപ്പുറം സ്വദേശി നാടണയുന്നു.
മലപ്പുറം പുൽപ്പറ്റ കളത്തിൻപടി സ്വദേശി ഷമീമിനാണ് യാത്രാ വിലക്ക് നീങ്ങി നാട്ടിൽ പോകാൻ വഴിയൊരുങ്ങിയത്. തായിഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സ്വാലിഹിന്റെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് ഷമീമിന് നിരപരാധിത്വം തെളിയിക്കാൻ സാധിച്ചത്.
നാലു വർഷത്തിനു ശേഷം അവധിക്ക് നാട്ടിൽ പോയി തിരിച്ചു വന്നപ്പോഴാണ് യാത്രാ വിലക്കുള്ളത് ഷമീം അറിയുന്നത്. നാട്ടിലേക്ക് പോകുമ്പോൾ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. സംഭവം അറിഞ്ഞ ഉടനെ സ്‌പോൺസർ ഹുറൂബ് ആക്കിയതോടെ പ്രതിസന്ധി രൂക്ഷമായി. റിയാദ് ബാങ്കിലായിരുന്നു ഷമീം അക്കൗണ്ട് എടുത്തിരുന്നത്. ഇതാണ് ഒ.ടി.പി ആവശ്യപ്പെട്ട് സന്ദേശം വന്നപ്പോൾ തെറ്റിദ്ധരിക്കാൻ കാരണമെന്ന് ഷമീം പറഞ്ഞു.
അതു പ്രകാരം ഒ.ടി.പി നമ്പർ, അബ്ശിറിന്റെ യൂസർ നെയിം, പാസ്സ്വേർഡ് എന്നിവയും നൽകുകയായിരുന്നു. തുടർന്ന് തന്റെ അക്കൗണ്ടിൽ മൂന്ന് പ്രാവശ്യം ട്രാൻസാക്ഷൻ നടക്കുകയും കൂടാതെ മറ്റൊരു സ്ത്രീയുടെ അക്കൗണ്ടിൽ നിന്ന് വലിയൊരു സംഖ്യ പിൻവലിക്കുകയുമുണ്ടായി എന്നാണ് കേസ് ഷീറ്റിൽ പറയുന്നത്.
ഇതേ തുടർന്ന് ഷമീം ജോലി ചെയ്യുന്ന പരിധിയിൽപ്പെട്ട അശീറ പോലീസ് സ്റ്റേഷൻ ലോക്കപ്പിൽ 15 ദിവസം കിടക്കുകയും ശേഷം ഒരു മാസം തായിഫ് സെൻട്രൽ ജയിലിൽ ആവുകയും ചെയ്തു. വിവരമറിഞ്ഞ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി അംഗം കൂടിയായ തായിഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സ്വാലിഹ് കേസ് ജിദ്ദ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.
പ്രശ്‌നത്തിൽ ഇടപെട്ട കോൺസുലേറ്റ് ഷമീം നിരപരാധിയാണെന്ന് കാണിച്ച് അധികൃതർക്ക് കത്തയച്ചതിനെത്തുടർന്ന് കോടതിയിൽ ഹാജരാക്കുകയും നിരപരാധിയാണെന്ന് തെളിഞ്ഞ് പുറത്തിറങ്ങുകയുമായിരുന്നു.
ഹുറൂബ് ഒഴിവാക്കി സ്‌പോൺസർഷിപ്പ് മാറ്റാൻ പരമാവധി ശ്രമിച്ചെങ്കിലും സ്‌പോൺസർ വഴങ്ങിയില്ല. എംബസിയിൽ രജിസ്‌ട്രേഷൻ ചെയ്തതിനെ തുടർന്ന് കോൺസുലേറ്റ് സ്റ്റാഫ് മീർ തൻവീർ അലിയുടെ കൂടെ ശുമൈസി ജയിലിൽ ഹാജരാക്കി എക്‌സിറ്റ് നേടുകയും കോൺസുലേറ്റ് വഴി നാട്ടിലേക്ക് മടങ്ങാൻ വഴി ഒരുങ്ങുകയുമായിരുന്നു.
മദീന സന്ദർശനവും ഉംറയും നിർവഹിച്ച് ഉടനെ നാട്ടിലേക്ക് തിരിക്കുമെന്ന് ഷമീം പറഞ്ഞു. ആക്ടിംഗ് കോൺസൽ ജനറലും മലയാളിയുമായ മുഹമ്മദ് അബ്ദുൽ ജലീലിന്റെയും വെൽഫെയർ വൈസ് കോൺസൽ അമരീന്ദ്ര കുമാർ അമരീഷിന്റെയും ജാഗ്രവത്തായ ഇടപെടലാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. കോൺസു അധികൃതരുടെ ആത്മാർഥമായ സഹകരണത്തിനും വിഷയത്തിൽ കൃത്യസമയത്ത് ഇടപെട്ട മുഹമ്മദ് സ്വാലിഹിന്റെ നിതാന്ത പരിശ്രമത്തിനും ഷമീമും കുടുംബവും നന്ദി പറഞ്ഞു.