പ്രവാസികളെ ഇനിയെങ്കിലും ശ്രദ്ധിക്കൂ….. ആ ലിങ്കിൽ ക്ലിക്കരുത്; പ്രചരിക്കുന്നത് വ്യാജൻ

0
1979

സമാനമായ തട്ടിപ്പിൽ നേരത്തെ മലയാളിക്ക് രണ്ട് ലക്ഷത്തോളം രൂപ നിമിഷ നേരം കൊണ്ട് നഷ്ടമായിരുന്നു

റിയാദ്: പ്രവാസികളെ ലക്ഷ്യമാക്കി തട്ടിപ്പുകാർ വിലസുന്നു. അറിയപ്പെടുന്ന വിവിധ ബ്രാൻഡ് പേരുകളിൽ സോഷ്യൽ മീഡിയയിൽ വ്യാജന്മാർ വിലസുകയാണ്. വൻ ഓഫറുകളുമായി എത്തുന്ന ലിങ്കുകളിൽ പല പ്രവാസികളും ഇതിനകം തന്നെ പെട്ടു പോകുകയും പണം നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധമായ വാർത്തകൾ ദിനപ്രതിയെന്നോണം മാധ്യമങ്ങൾ നൽകിയിട്ടുണ്ട്. പ്രവാസികൾ കണ്ണ് മഞ്ഞളിച്ച് ഓഫറിന്റെ പിന്നാലെ പായുകയാണ്. സമാനമായ അനുഭവത്തിൽ ദുബൈയിൽ മലയാളിക്ക് നേരെത്തെ രണ്ട് ലക്ഷം രൂപയാണ് നഷ്ടമായത്.

സഊദിയിലെ പ്രമുഖ ബ്രോസ്റ്റഡ് കമ്പനിയായ അൽ ബൈകിന്റെ പേരിലാണ് വ്യാജ ലിങ്കുകൾ പ്രചരിക്കുന്നത്. വൻ ഓഫർ നൽകി പ്രചരിക്കുന്ന ലിങ്കിൽ കയറിയാൽ അകൗണ്ടിലുള്ള പണം മുഴുവൻ നഷ്ടമാകും. എന്നാൽ, ഇതൊന്നും ശ്രദ്ധിക്കാതെയും പരിശോധിക്കാതെയും ഓഫറിന്റെ പിറകിലാണ് പല പ്രവാസികളും. സോഷ്യൽ മീഡിയ സൈറ്റുകളിലും വാട്ട്സ്ആപ്പ് പോലെയുള്ള മൊബൈൽ ആപ്ലികേഷനിലും ഇത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. പലരും ഇതിന്റെ സത്യാവസ്ഥ പോലും പരിശോധിക്കാതെ തലങ്ങും വിലങ്ങും ഗ്രൂപ്പുകളിലേക്കും മറ്റും ചെയ്യപ്പെടുകയാണ്. അൽ ബൈകിന്റെ എന്ന് തോന്നിപോകുന്ന നിലയിൽ പ്രൊഫൈലുകൾ ഉണ്ടാക്കി വ്യാജനെ നിർമ്മിച്ച് കെണി ഒരുക്കുകയാണ് തട്ടിപ്പുകാർ.

നേരത്തെ, സഊദി ദേശീയ വിമാന കമ്പനിയായ സഊദി എയർലൈൻസിന്റെ പേരിലും വ്യാജ ലിങ്ക് വ്യാപകമായി പ്രചരിച്ചിരുന്നു. 78 ആം വാർഷികം പ്രമാണിച്ച് മുപ്പത് ലക്ഷം റിയാൽ വരെ ലഭിക്കുമെന്ന തരത്തിലാണ് വ്യാജൻ പ്രചരിച്ചിരുന്നത്. തട്ടിപ്പുകാർ നൽകുന്ന ലിങ്ക് അഡ്രസ് ഇത്തരം ബ്രാൻടുകളുടെ പേരിൽ മറ്റൊരു വെബ് അഡ്രസിൽ സബ് ഡൊമൈൻ ആയാണ് പ്രചരിക്കുന്നത്.

യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ലിങ്കുകൾ പലതരത്തിലുള്ള തട്ടിപ്പുകൾക്കും വേണ്ടിയാണ് ഹാക്കർമാർ തയ്യാറാക്കി വിടുന്നത്. ഒരു പക്ഷെ, ലിങ്കിൽ ക്ലിക്കുന്നതോടെ മൊബൈലിലെ പേഴ്‌സണൽ വിവരങ്ങൾ, ഫോട്ടോകൾ മറ്റുവിവരങ്ങൾ ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും ഹാക്കർമാരുടെ അടുത്തെത്തിയേക്കാം. പിന്നീട് ഇത് വെച്ച് വിലപേശലിലും മറ്റും സാധ്യത ഏറെ കൂടുതലാണ്. ചിലപ്പോൾ, ലഭിച്ച വിവരങ്ങൾ ശേഖരിച്ച് ബാങ്ക് അകൗണ്ടിൽ നിന്ന് പണം അടിച്ചു മാറ്റുകയും ചെയ്യപ്പെട്ടേക്കാം. ഇങ്ങനെയെല്ലാം ഉണ്ടാകുമോ എന്ന് ചിന്തിക്കുന്നവർക്ക് ചിലപ്പോൾ ചിന്തിക്കാനുള്ള സമയം പോലും ലഭിച്ചേക്കില്ല,. അതിനിടയിൽ തന്നെ ഹാക്കർമാർ കാര്യം സാധിച്ചേക്കും.

ഏതായാലും, ലഭിക്കുന്ന ഓഫർ ലിങ്കുകൾ കണ്ണും അടച്ച് തുറക്കുന്നതും ഷെയർ ചെയ്യപ്പെടുന്നതും ഉറപ്പ് വരുത്തിയിട്ടായിരിക്കണം. അല്ലെങ്കിൽ തട്ടിപ്പിൽ നിങ്ങളും പെട്ടേക്കാം. ഇക്കഴിഞ്ഞ മാർച്ചിൽ, പ്രസിദ്ധമായ ബ്രോസ്‌റ്റഡ്‌ ആയ അൽ ബൈകിന്റെ പേരിൽ പ്രചരിച്ച ലിങ്കിൽ കയറിയ പ്രവാസിക്ക് നഷ്‌ടമായത്‌ രണ്ട് ലക്ഷത്തോളം രൂപയാണ്. ദുബൈയിൽ നടന്ന തട്ടിപ്പിൽ എണ്ണായിരം ദിർഹം അഥവാ ഏകദേശം 1.80 ലക്ഷം രൂപയാണ് നഷ്‌ടമായത്‌. അനുഭവ വീഡിയോ ഉൾപ്പെടുന്ന ആ വാർത്ത വായിക്കാം താഴെ.