ജിദ്ദയിൽ പുതിയ നഗരം വരുന്നു; ‘മറാഫി’ എന്ന പേരിൽ നിർമിക്കുന്ന നഗരത്തിൽ പാർപ്പിട, വാണിജ്യ, വിനോദ കേന്ദ്രങ്ങളുണ്ടാകും

0
2081

ജിദ്ദ: സൗദി പബ്ലിക് ഇൻവെസ്​റ്റമെൻറ്​ ഫണ്ടിന്​ കിഴിലുള്ള റിയൽ എസ്​റ്റേറ്റ് ഡെവലപ്പറായ റോഷൻ ഗ്രൂപ്പുമായി സഹകരിച്ച് ​ജിദ്ദയിൽ പുതിയ നഗരം വരുന്നു.

ജിദ്ദയുടെ വടക്കുഭാഗത്തായി ‘മറാഫി’ എന്ന പേരിൽ നിർമിക്കുന്ന നഗരത്തിൽ പാർപ്പിട, വാണിജ്യ, വിനോദ കേന്ദ്രങ്ങളുണ്ടാവും.
കൃത്രിമ കനാലിനാൽ ചുറ്റപ്പെട്ട്​ 11 കിലോമീറ്റർ വലിപ്പത്തിലാണ് നഗരം വരുന്നത്.

1,30,000 ലധികം ആളുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള നഗരമായിരിക്കുമിത്​. 11 കിലോമീറ്ററോളം ദൈർഘ്യമുള്ള വെള്ളവും നൗകകളുമൊഴുകുന്ന കൃത്രിമ കനാൽ സൃഷ്​ടിച്ച്​ അതിന്റെ കരയിലായിരിക്കും നഗരം പണിയുക.

ജീവിത നിലവാരം ഉയർത്തുന്നതിനും ജിദ്ദയെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനും ലക്ഷ്യമിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ, പൊതു, വിനോദ, പാർപ്പിട കെട്ടിടങ്ങൾ പദ്ധതിക്ക്​ കീഴിലുണ്ടാകും.

സൗദിയിലെ നഗരങ്ങളിൽ ഇത്തരത്തിലുള്ള ആദ്യത്തെ കൃത്രിമ ജല കനാലായിരിക്കും ഇത്​. ചിക്കാഗോ, സ്​റ്റോക്ക്‌ഹോം, ഹാംബർഗ്, സെൻട്രൽ ലണ്ടൻ എന്നിവിടങ്ങളിലുള്ള ജലാശയങ്ങൾക്ക്​ തുല്യമായിരിക്കും. കനാൽ നിർമിക്കുന്നതോടെ സമുദ്ര പരിസ്ഥിതി ഈ ചരിത്ര നഗരത്തിന്റെ ഹൃദയത്തിലേക്ക്​ പ്രവേശിക്കും. ഒരു വശത്ത് വീടുകളെയും പാർപ്പിട സമൂഹങ്ങളെയും ബന്ധിപ്പിക്കുന്ന ജല-നഗര ഇടനാഴിയും മറുവശത്ത് പ്രകൃതി, വാണിജ്യ, വിനോദ കേന്ദ്രങ്ങളും ജീവിതശൈലി മെച്ചപ്പെടുത്തുന്ന കെട്ടിടങ്ങളുമായിരിക്കും.

താമസക്കാരെയും സന്ദർശകരെയും ആകർഷിക്കുന്ന ലോകോത്തര താമസ, വാണിജ്യ, വിനോദ സ്ഥലങ്ങൾ കൊണ്ട്​ സജ്ജീകരിക്കുന്ന ഒരു പുതിയ നഗര കേന്ദ്രം നിർമിച്ച്​ ജിദ്ദ നഗരത്തിന്റെ പദവി ഉയർത്താനും പിന്തുണയ്ക്കാനുമാണ്​ ഈ പദ്ധതി.

‘മറാഫി’ പദ്ധതിയുടെ വികസനം ജിദ്ദയുടെ നഗര ഭൂപ്രകൃതിയെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റും. ഏറ്റവും പുതിയ നിർമാണ സാങ്കേതികവിദ്യകൾക്കൊപ്പം ചരിത്രനഗരമായ ജിദ്ദയുടെ സാംസ്കാരികവും വാസ്തുവിദ്യാപരവുമായ പൈതൃകവും സംരക്ഷിക്കുന്നതായിരിക്കും.