ന്യൂഡൽഹി: എഞ്ചിൻ തകരാറിനെ തുടർന്ന് രണ്ട് ഇൻഡിഗോ വിമാനങ്ങൾ നിലത്തിറക്കി. കൊൽക്കത്ത -ബെംഗളൂരു, മധുര-മുംബൈ റൂട്ടുകളിൽ സർവീസ് വിമാനങ്ങളുടെ എഞ്ചിനുകളിൽ ഒന്നാണ് തകരാറിലായത്. ഒരു വിമാനം ലക്ഷ്യസ്ഥാനത്ത് ഇറങ്ങിയപ്പോൾ മറ്റൊന്ന് പുറപ്പെട്ട വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കി.
രണ്ട് സംഭവങ്ങളിലും സാങ്കേതിക വിലയിരുത്തൽ നടത്തുകയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. എഞ്ചിനുകൾ തകരാറിലായത് കണ്ടെത്തുകയും തുടർന്ന് ക്യാപ്റ്റന് മുന്നറിയിപ്പ് ലഭിക്കുകയും ചെയ്തു. അതിനെ തുടർന്ന് വിമാനം സുരക്ഷിതമായി നിലത്തിറക്കിയെന്നും ഡിജിസിഎ വാർത്താകുറിപ്പിൽ അറിയിച്ചു.
മധുരയിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് മുംബൈയിൽ ലാൻഡിങ് നടത്തും മുമ്പ് സാങ്കേതിക തകരാർ ഉണ്ടായിരുന്നു. എന്നാൽ മുംബൈയിൽ അടിയന്തരമായി ഇറങ്ങാൻ പൈലറ്റ് അനുമതി തേടിയെന്നും അറ്റകുറ്റപ്പണികൾക്ക് ശേഷം സർവീസ് പുനരാരംഭിച്ചുവെന്നും ഇൻഡിഗോ അറിയിച്ചു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ വിമാന കമ്പനി ഖേദം പ്രകടിപ്പിച്ചു.




