മലയാളികൾ ഓണമാഘോഷിക്കുമ്പോൾ ഒരു നേരത്തെ ഭക്ഷണത്തിന് പോലും വഴിയില്ലാതെ രണ്ട് മലയാളി യുവാക്കൾ

0
4058

അജ്മാൻ: മലയാളികൾ ഓണമാഘോഷിക്കുമ്പോൾ, ഒരു നേരത്തെ ഭക്ഷണത്തിന് പോലും വഴിയില്ലാതെ അജ്മാനിൽ രണ്ട് മലയാളി യുവാക്കൾ. ജോലി-വീസാ തട്ടിപ്പിന് ഇരയായി കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി അജ്മാനിലെ കുടുസ്സുമുറിയിൽ കഴിയുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ബിനു രാജൻ(42), ആലപ്പുഴ ചുങ്കം സ്വദേശി നിഷാദ്(32) എന്നിവരാണ് തങ്ങളുടെ ദുർവിധിയോർത്ത് കണ്ണീർവാർത്ത് കഴിയുന്നത്.

വെൽഡർമാരായ ബിനുവും നിഷാദും തട്ടിപ്പുകാരുടെ വാക്ക് കേട്ട് സൗദിയിലെ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് യുഎഇയിലെത്തിയത്. കഴിഞ്ഞ 18 വർഷമായി സൗദിയിലുള്ള, അടുത്ത കൂട്ടുകാരായ ഇരുവരും ഏറ്റവുമൊടുവിൽ ഒന്നര വർഷത്തോളമായി നല്ലൊരു കമ്പനിയിൽ ഒന്നിച്ച് ജോലി ചെയ്തുവരികയായിരുന്നു.

ഓവർടൈം അടക്കം ഏതാണ്ട് 3000 റിയാലോളം ശമ്പളവും സൗജന്യ താമസവും യാത്രാ സൗകര്യവും ലഭിച്ചിരുന്നു. എന്നാൽ, ഇതെല്ലാം ഉപേക്ഷിച്ച്, 3000 റിയാൽ ഇഖാമയുടെ തുക മടക്കിനൽകിയാണ് ഇരുവരും യുഎഇയിലേയ്ക്ക് വരാൻ തീരുമാനിച്ചത്. 

റാസൽഖൈമയിലെ അശോക് ലൈലൻഡ് നിർമാണ ഫാക്ടറിയിൽ വെൽഡറായി ജോലി ശരിയാക്കിയിട്ടുണ്ട് എന്ന് പറഞ്ഞ് കൊല്ലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രസന്നകുമാരി എന്ന സ്ത്രീയാണ്  തങ്ങളിൽ നിന്ന് 75,000 രൂപ വീതം കൈക്കലാക്കിയതെന്ന് ഇരുവരും പറയുന്നു. ഇവർക്കെതിരെ കൊല്ലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഈ സ്ത്രീ നേരത്തെ അജ്മാൻ ആസ്ഥാനമാക്കി ഇതുപോലെ ജോലി തട്ടിപ്പ് നടത്തി വരികയായിരുന്നു. പിന്നീട് വിവിധ കേസുകളിൽപ്പെട്ട് നാട്ടിലേയ്ക്ക് മുങ്ങുകയും യാത്രാ വിലക്കുള്ളതിനാൽ തിരിച്ചുവരാൻ സാധിക്കാതെ വരികയുമായിരുന്നു. 

സൗദിയിൽ നിന്ന് പരിചയപ്പെട്ട ഒരാളാണ് പ്രസന്നകുമാരിയെ ബിനുവിനും നിഷാദിനും ബന്ധപ്പെടുത്തിയത്. എന്തിനാണ് സൗദിയിൽ ജോലി ചെയ്ത് ജീവിതം വിരസമാക്കുന്നത്, യുഎഇയിലെത്തിയാൽ അതിലും മികച്ച ജോലി ലഭിക്കുമല്ലോ എന്നായിരുന്നു ആദ്യത്തെ പ്രലോഭനം. മികച്ച ശമ്പളം( 2200 ദിർഹം അടിസ്ഥാന ശമ്പളം, ഓവർടൈം അടക്കം 4,000 ദിർഹത്തോളം), സൗജന്യ താമസം, ഭക്ഷണം, യാത്രാ സൗകര്യം എന്നിവയെല്ലാം വാഗ്ദാനം ചെയ്തപ്പോൾ മറിച്ചൊന്നും ചിന്തിക്കാതെ ആദ്യം 40,000 രൂപ വീതം നൽകി.

ആകെ 80,000 രൂപ വീതമാണ് ആവശ്യപ്പെട്ടിരുന്നത്. ഇടയ്ക്ക് പണത്തിന് അത്യാവശ്യമുണ്ടെന്നും ബാക്കി തുക കൂടി വേണമെന്നും ഇപ്പോൾ തന്നെ തന്നാൽ 5,000 രൂപ കുറച്ച് 35,000 രൂപ തന്നാൽ മതിയെന്നും പ്രസന്നകുമാരി പറഞ്ഞപ്പോൾ സ്വർണവും മറ്റും പണയംവച്ച് ഉടൻ തന്നെ രൂപ കൈമാറി. മൂന്ന് മാസം മുൻപ് ബിനുവും നിഷാദും 2 മാസത്തെ ടൂറിസ്റ്റ് വീസയിൽ യുഎഇയിലേയ്ക്ക് വിമാനം കയറി.

എയർ കണ്ടീഷണർ പോലുമില്ലാത്ത അജ്മാനിലെ കുടുസ്സു മുറിയിലായിരുന്നു ബിനുവിനേയും നിഷാദിനേയും താമസിപ്പിച്ചത്. പ്രസന്നകുമാരിയുടെ ഇവിടുത്തെ ഏജന്‍റായ കമാൽ ബാഷ എന്നയാളായിരുന്നു ഇതിന് നേതൃത്വം നൽകിയത്. എന്നാൽ കടുത്തു ചൂടിലും എസിയില്ലാത്ത മുറിയിൽ വിയർത്തൊലിച്ച് കഴിയേണ്ടി വന്നു. തീരേ വയ്യാതായ പല രാത്രികളിലും തൊട്ടടുത്ത ഫ്ലാറ്റിന്‍റെ വാതിലിന്‍റെ വിടവിലൂടെയെത്തുന്ന തണുപ്പിന് വേണ്ടി അവിടെ ചുരുണ്ടുകിടന്നു. ഭക്ഷണവും കൃത്യമായി നൽകിയില്ല. 35 ദിവസം ഇങ്ങനെയായിരുന്നു ദുരിതജീവിതം. 

പിന്നീട്, 20 ദിവസം മുൻപ് മാത്രമാണ് അജ്മാനിലെ മറ്റൊരു ഫ്ലാറ്റിലേയ്ക്ക് മാറ്റിയത്. ജോലിയുടെ കാര്യം ചോദിക്കുമ്പോൾ അശോക് ലൈലൻഡിൽ ഇപ്പോൾ റിക്രൂട്ട്മെന്‍റ് നിർത്തിവച്ചിരിക്കുകയാണെന്നും ഉടൻ ശരിയാകും എന്നുമായിരുന്നു മറുപടി. കുറച്ച് ദിവസം കാത്തിരുന്നപ്പോൾ ഒരു വാഗ്ദാനം കൂടി കമാൽ ബാഷയും പ്രസന്നകുമാരിയും നൽകി. മറ്റൊരു കമ്പനിയിൽ ജോലിയിൽ കയറ്റാം, പക്ഷേ, കൈക്കൂലിയായി ആയിരം ദിർഹം വീതം നൽകണം. നാട്ടിൽ നിന്ന് പണം വരുത്തിച്ച് കൈമാറി. പക്ഷേ, അതും ചതിയായിരുന്നു എന്നറിയുമ്പോൾ വൈകിപ്പോയിരുന്നു.

തത്കാലം നാട്ടിൽപ്പോയ്ക്കോളൂ, അറിയിക്കുമ്പോൾ വന്നാൽ മതി എന്നായിരുന്നു കമാൽ ബാഷയുടെ നിർദേശം. എന്നാൽ, ഇങ്ങോട്ട് വരാതെ അവിടെത്തന്നെ പിടിച്ചുനിൽക്കൂ എന്ന് പ്രസന്നകുമാരിയും നിർബന്ധിച്ചു. അതിൽപ്പിന്നെ കമാൽ ബാഷയെ ഇരുവരും കണ്ടിട്ടില്ല. പ്രസന്നകുമാരിയാണെങ്കിൽ ഇപ്പോൾ ഫോണെടുക്കുന്നുമില്ല.

അമ്മയും ഭാര്യയും മകനുമാണ് ബിനുവിന്‍റെ കുടുംബം. മകന് കണ്ണിന് കാഴ്ചശക്തിയില്ലാത്തതിനാൽ ചികിത്സയിലാണ്. അതിന് മാത്രം കുറേ പണം ആവശ്യമുണ്ട്. നിഷാദിന്‍റെ പിതാവ് നിത്യരോഗി. ഭാര്യ ഗർഭിണിയും. ഇവർക്കെല്ലാം നിത്യച്ചെലവിനുള്ള പണം നൽകാൻ പോലും കഴിയാതെ പ്രതിസന്ധിയിലാണ് ഇരുവരും.

ഇതിനിടെ വിഷാദരോഗം പിടിപ്പെട്ട നിഷാദ് താമസിക്കുന്ന കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്ന് ചാടി മരിക്കാൻ തുനിയുകയുണ്ടായി. എന്നാൽ, തക്ക സമയത്ത് മറ്റുള്ളവർ കണ്ടതിനാൽ രക്ഷപ്പെടുത്തി. അതിന് ശേഷം ആരോടും അധികം സംസാരിക്കാതെ ഇരിക്കുകയാണ് ഈ യുവാവ്.

ഒരുനേരമെങ്കിലും കൃത്യമായി ഭക്ഷണം കഴിക്കാനാകാതെ ദുരിതത്തിലാണ് ബിനുവും നിഷാദും. കുറേ ദിവസം പട്ടിണിയായിരുന്നു. ഇതുകണ്ട് മനസലിഞ്ഞ് താമസ സ്ഥലത്തിനടുത്ത് കഫ്റ്റീരിയ നടത്തുന്ന മലയാളി അബ്ദുക്ക രാത്രി ഭക്ഷണം നൽകും. കഫ്റ്റീരിയയിൽ ബാക്കിയാകുന്നതെല്ലാം ഇരുവർക്കും സന്തോഷപൂർവം എത്തിക്കും. കൂടാതെ, തൊട്ടടുത്ത് സമൂസ കച്ചവടം ചെയ്യുന്ന വിനോദും ഭക്ഷണം നൽകുന്നു. ഇരുവരുമില്ലായിരുന്നുവെങ്കിൽ തങ്ങൾ പട്ടിണി കിടന്നു മരിക്കുമായിരുന്നുവെന്ന് ഈ ചെറുപ്പക്കാർ നിറഞ്ഞ കണ്ണുകളോടെ പറയുന്നു.

എന്തിനാണ് ഇത്രയും ദുരിതം സഹിച്ച് ഇവിടെ നിൽക്കുന്നത്, നാട്ടിലേയ്ക്ക് മടങ്ങിക്കൂടെ എന്നായിരിക്കും നിങ്ങളുടെ മനസില്‍ ഉയരുന്ന ചോദ്യം. തിരിച്ചുപോയാൽ ഒട്ടേറെ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് അറിയാമായിരുന്നിട്ടും മടങ്ങാൻ  തന്നെയായിരുന്നു ഇരുവരുടേയും തീരുമാനം. എന്നാൽ, സന്ദർശക വീസാ കാലാവധി കഴിഞ്ഞ് 1500 ദിർഹത്തിലേറെ പിഴയൊടുക്കേണ്ടതിനാൽ അതിനും സാധിക്കാതെ വന്നതോടെ എല്ലാം തകിടം മറിഞ്ഞു. നാട്ടിലേയ്ക്ക് ഫോൺ വിളിക്കാൻ പോലും കൈയിൽ കാശില്ല.

ഒടുവിൽ എന്തുചെയ്യണമെന്നറിയാതെ ആശങ്കയോടെ നിൽക്കുമ്പോഴാണ് ഗ്ലോബൽ മലയാളി യൂണിയൻ ഭാരവാഹികളായ അഡ്വ.ഫരീദ്, വിദ്യാധരൻ, കലാം എന്നിവരെ ബന്ധപ്പെടാൻ സാധിച്ചത്. മൂവരും കഴിഞ്ഞ ദിവസം ബിനു, നിഷാദ്  എന്നിവരെ താമസ സ്ഥലത്ത് സന്ദർശിച്ചു, സഹായം വാഗ്ദാനം ചെയ്തു.

കാലങ്ങളായി തുടരുന്ന തൊഴിൽ തട്ടിപ്പിനെതിരെ അധികൃതരുടെ ഭാഗത്ത് നിന്ന് ശക്തമായ നടപടി വേണമെന്ന് അഡ്വ.ഫരീദ് മനോരമ ഓൺലൈനിനോട് പറഞ്ഞു. ബിനുവിനേയും നിഷാദിനേയും പോലുള്ള ഒട്ടേറെ യുവതീ യുവാക്കൾ യുഎഇയുടെ പല ഭാഗങ്ങളിലായി  ഏജന്‍റുമാരുടെ കരാള ഹസ്തങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ട്. പാസ്പോർട്ട് പോലും നഷ്ടപ്പെട്ട് എന്താണ് ചെയ്യമെന്നറിയാതെ ആശങ്കയിലാണ് എല്ലാവരും.

ഇവരിൽ ചുരുക്കം ചിലർക്ക് മാത്രമേ തങ്ങളെപ്പറ്റി പുറം ലോകത്തെ അറിയിക്കാന്‍ സാധിക്കുന്നുള്ളൂ. മറ്റുള്ളവരുടെ പണം തട്ടിയെടുത്ത് തിന്നു ചീർക്കുന്ന ഏജന്‍റുമാര്‍ക്കെതിരെ അജ്മാൻ, ഷാർജ എന്നിവിടങ്ങളിലെ ഇന്ത്യൻ അസോസിയേഷനുകൾ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു. 

ഇന്ത്യൻ എംബസിയും കോൺസുലേറ്റും ഇക്കാര്യത്തിൽ ഇടപെട്ട് പരിഹാരമുണ്ടാക്കണം.  ഇല്ലെങ്കിൽ തട്ടിപ്പ് നിർബാധം തുടരുമെന്നതിൽ സംശയമില്ല. കേരളത്തിലെ തൊഴിലന്വേഷകരായ ചെറുപ്പക്കാരെ വലവീശിപ്പിടിക്കുന്ന പ്രസന്ന കുമാരി എന്ന സ്ത്രീക്കെതിരെ അധികൃതർ നടപടി സ്വീകരിക്കണം. തൊഴിൽ–വീസാ തട്ടിപ്പ് ഗൗരവമായി സമൂഹത്തിനും അധികൃതർക്കും മുന്നിലെത്തിക്കാൻ ഗ്ലോബൽ പ്രവാസി യൂണിയൻ ശ്രമിക്കുന്നതായും പ്രസന്നകുമാരിയെ പൂട്ടാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 

ഗൾഫിൽ ജോലി–വീസാ തട്ടിപ്പ് തുടർക്കഥയാണ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് നിലവിൽ തട്ടിപ്പ് ഏറ്റവും ശക്തമായി തുടരുന്നത്. കോവിഡ്–19 കാലത്ത് വ്യാജ റിക്രൂട്ടിങ് ഏജൻസിയുണ്ടാക്കി ഇത്തരത്തിൽ ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരടക്കം 150ലേറെ പേർക്ക് പണം നഷ്ടമായി. മികച്ച ജോലിയും വേതനവും വാഗ്ദാനം ചെയ്താണ് ഇവർ ഇരകളെ വലയിൽ വീഴ്ത്തുന്നതെന്ന് ദുബായ് പൊലീസ് സിഐഡി ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജലാഫ് പറഞ്ഞു.

വ്യാജ പരസ്യം നൽകുന്നവരെ ദുബായ് സിഐഡി ജനറൽ വകുപ്പ് ഇക്കണോമിക് ക്രൈംസ് കൺട്രോൾ വിഭാഗം രൂപീകരിച്ച്  നിരീക്ഷിച്ചുവരികയായിരുന്നു. ഈ അന്വേഷണ സംഘം മനുഷ്യവിഭവ– സ്വദേശിവത്കരണ മന്ത്രാലയവുമായി സഹകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ദുബായ് കേന്ദ്രീകരിച്ച് ഇത്തരത്തിൽ ഒരു വ്യാജ റിക്രൂട്ടിങ് ഏജൻസി പ്രവർത്തിക്കുന്നതായി ഇക്കണോമിക് ക്രൈംസ് കണ്‍ട്രോൾ വിഭാഗത്തിന് ഫോൺ കോൾ ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഏഷ്യക്കാരനായിരുന്നു ഇതിന്റെ നടത്തിപ്പുകാരൻ. വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇരിൽ നിന്ന് പണവും റസീപ്റ്റുകളും സ്ലിപ്പുകളും മറ്റും കണ്ടെടുത്തു.  

1980കളിൽ തുടങ്ങിയ വീസാ–ജോലി തട്ടിപ്പാണ് ഇന്ത്യ– യുഎഇ കേന്ദ്രീകരിച്ച് ഇപ്പോഴും നടന്നുവരുന്നതെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു. ദുബായ് വഴി കാനഡയിലേയ്ക്കും ഓസ്ട്രേലിയയിലേയ്ക്കും വീസയും ജോലിയും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുന്ന കേസുകൾ അടുത്ത കാലത്തായി വർധിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീണ് പണവും സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുന്നവരിൽ വിദ്യാസമ്പന്നരായ മലയാളി യുവതീ യുവാക്കളുമുണ്ട്.

പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും മാർഗനിർദേശം നൽകാനും നോർക്ക(http://www.norkaroots.net/jobportal.htm) പോലുള്ള സർക്കാർ സംവിധാനങ്ങൾ കേരളത്തിൽ സജീവമായിരിക്കെ ഇതൊന്നുമറിയാതെ, അല്ലെങ്കിൽ ഗൗരവത്തിലെടുക്കാതെ കെണിയിലകപ്പെടുകയാണ് ചെയ്യുന്നത്. ഇതിനെതിരെ പഞ്ചായത്ത് തലത്തിൽ അവബോധം സൃഷ്ടിക്കാൻ അധികൃതർ തയ്യാറാകേണ്ടിയിരിക്കുന്നു. ജോലി തട്ടിപ്പുകാര്‍ക്കെതിരെ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് യുഎഇ, ഇന്ത്യൻ അധികൃതർ എല്ലായ്പോഴും മുന്നറിയിപ്പ് നൽകുന്നുണ്ട്. യഥാർഥ റിക്രൂട്ടിങ് ഏജൻസികൾ ഒരിക്കലും ഉദ്യോഗാർഥികളിൽ നിന്ന് ഫീസ് ഈടാക്കുകയില്ലെന്നും ഓർമിപ്പിക്കുന്നു. 

ഒരാൾക്ക് വിദേശത്ത് ജോലി വാഗ്ദാനം ലഭിച്ചാൽ, ആ കമ്പനി അവിടെയുള്ളതാണോ, അങ്ങനെയൊരു ജോലി ഒഴിവുണ്ടോ എന്നൊക്കെ കണ്ടെത്താൻ ആധുനിക സാങ്കേതിക വിദ്യ വളർന്നുപന്തലിച്ച ഇക്കാലത്ത് വലിയ മെനക്കേടില്ല. വിദേശത്തെ കമ്പനിയുടെ ഹ്യൂമൻ റിസോഴ്സ് വിഭാഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷമേ പണം കൈമാറ്റം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേയ്ക്ക് കടക്കാവൂ. ഉത്തരേന്ത്യയിലും മറ്റുമാണ് ഇത്തരം തട്ടിപ്പുകൾ ഏറെയും നടക്കുന്നത്. ഇതിൽപ്പെട്ട് ഒട്ടേറെ പെൺകുട്ടികളുടെയും യുവതികളുടെയും ജീവിതം നശിക്കുകയും കുടുംബങ്ങൾ തകരുകയും ചെയ്യുന്നുണ്ട്. ഇന്ത്യൻ സർക്കാർ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.