ഹൈദരാബാദ്: കൊച്ചിയിലേക്കുള്ള വിമാനം ഹൈദരാബാദിൽ അടിയന്തിയ ലാന്റിംഗ് നടത്തി. യാത്രക്കാരായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനമാണ് നാല് യാത്രക്കാരുടെ ശല്യം മൂലം അടിയന്തിര ലാന്റിംഗ് നടത്തിയത്. മദ്യം അകത്തായപ്പോൾ ശല്യം സൃഷ്ടിക്കുകയും സഹയാത്രികരുമായി വഴക്കുണ്ടാക്കുകയും ചെയ്തതിനെ തുടർന്ന് ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കാൻ പൈലറ്റ് അനുമതി തേടുകയായിരുന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇതിൻറെ വിശദാംശങ്ങൾ ഇപ്പോഴാണ് പുറത്ത് വരുന്നത്. മദ്യപിച്ചെത്തിയ നാല് യാത്രക്കാർ വിമാനത്തിൽ പ്രശ്നം ഉണ്ടാക്കുകയായിരുന്നു. മദ്യം അകത്തായതോടെ ബഹളവും തർക്കവുമുണ്ടാക്കിയപ്പോൾ ക്യാബിൻ ക്രൂ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും അവരെ ആക്രമിക്കാൻ മുതിരുകയായിരുന്നു.
ഇതോടെയാണ് സ്ഥിതിഗതികൾ കണക്കിലെടുത്ത് വിമാനം വഴിതിരിച്ചുവിട്ട് ഹൈദരാബാദ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്താൻ ഫ്ലൈറ്റ് പൈലറ്റ് തീരുമാനിച്ചത്. വിമാനമിറങ്ങിയ ഉടൻ തന്നെ നാല് പേരെയും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ച് പോലീസിന് കൈമാറി. രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് (ആർജിഐഎ) പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.