ദമാം: കിഴക്കൻ സഊദിയിലെ ദമാമിൽ നിന്നുള്ള തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ്സ് വൈകുന്നു. എയർ ഇന്ത്യ എക്സ്പ്രസ്സ് I X 582 ദമാം തിരുവനന്തപുരം വിമാനമാണ് ദമാം വിമാനത്താവളത്തിൽ നിന്നും പറന്നുയരാതെ യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. ബുധനാഴ്ച പുലർച്ചെ രണ്ടു മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇത് വരെ പുറപ്പെട്ടിട്ടില്ല.
നേരത്തെ, ചില യാത്രക്കാർക്ക് രണ്ടു മണിക്കൂർ വൈകിയേ യാത്ര പുറപ്പെടാൻ കഴിയൂ എന്നാ അറിയിപ്പ് നൽകിയെങ്കിലും കൂടുതൽ യാത്രക്കാരും ഇതറിയാതെ എയർപോർട്ടിൽ എത്തിയിരുന്നു. അറിയിപ്പ് പ്രകാരം പുലർച്ച 4.20 നു പുറപ്പെടേണ്ട വിമാനം വീണ്ടും രണ്ടര മണികൂർ വൈകുമെന്ന അറിയിപ്പുണ്ടായി. വീണ്ടും വൈകിയതോടെ യാത്രക്കാർ ബഹളം വെക്കുകയും പിന്നീട് രാവിലെ എട്ടു മണിയോടെ യാത്രക്കാരെ വിമാനത്തിനകത്ത് കയറ്റുകയായിരുന്നു.

എന്നാൽ രണ്ടു മണിക്കൂറിനു ശേഷവും വിമാനം ഇത് വരെയും പറന്നുയർന്നിട്ടില്ല. മണിക്കൂറുകൾ ഇത്ര ആയിട്ടും യാത്രക്കാർ ആവശ്യമായ ഭക്ഷണമോ മറ്റോ നൽകാനും വിമാന അധികൃതർ തയ്യാറായിട്ടില്ല. വെറും ഒരു ബോട്ടിൽ വെള്ളം മാത്രമാണ് നൽകിയത്. സാങ്കേതിക തകരാറാണ് വിമാനം വൈകാൻ കാരണം എന്നാണ് അറിയുന്നത്. എന്നാൽ, വ്യക്തമായ ഉത്തരം നൽകാൻ അധികൃതർ ഇത് വരെ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം സമാനമായ ദുരനുഭവം റിയാദിൽ നിന്നും ഉണ്ടായിരുന്നു.




