രാജ്യാന്തര ഫാൽക്കൺ ബ്രീഡേഴ്‌സ് ലേലത്തിന് സഊദിയിൽ തുടക്കം

0
707

റിയാദ്: സഊദി ഫാൽക്കൺസ് ക്ലബ്ബിന്റെ മൂന്നാമത് രാജ്യാന്തര ഫാൽക്കൺ ബ്രീഡേഴ്‌സ് ലേലം റിയാദിൽ ആരംഭിച്ചു. സഊദി ഫാൽക്കൺസ് ക്ലബ് ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന 21 ദിവസത്തെ ലേലം ലോക വ്യാപകമായി പരുന്ത് വളർത്തുന്നവര്‍, പരുന്ത് പറത്തൽ മത്സരത്തിൽ പങ്കെടുക്കുന്നവർ,  വിനോദത്തിൽ ഏർപ്പെടുന്നവർ, വാങ്ങാനും വിൽക്കാനും ആഗ്രഹിക്കുന്നവർ തുടങ്ങിയവരുടെ ഇഷ്ടകേന്ദ്രമാണ്.

ലോകമെമ്പാടുമുള്ള മികച്ച ഇനങ്ങളെ ശേഖരിക്കുന്നതിനായി 16 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ ഫാൽക്കൺ ഫാമുകൾ  ബ്രീഡേഴ്‌സ് ലേലത്തിൽ പങ്കെടുക്കുന്നുണ്ട്. സൗദി, ബ്രിട്ടൻ, അമേരിക്ക, ഓസ്ട്രിയ, ബെൽജിയം, ജർമനി, സ്പെയിൻ, പോളണ്ട്, ഫ്രാൻസ്, നെതർലൻഡ്‌സ്, കാനഡ, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, അയർലൻഡ്, ഹംഗറി, ഉസ്‌ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഫാമുകളാണ് പങ്കെടുക്കുന്നത്.

വിവിധ ഇനത്തിലും പലതരത്തിലുമുള്ള പരുന്തുകളെ കാണുന്നതിനും അടുത്തറിയുന്നതിനുമുള്ള അവസരമാണ് ഈ ദിവസങ്ങളിൽ നടക്കുന്നത്. പുരാതന കാലം മുതൽ അറബ് ജീവിതത്തിലെ അഭിമാനത്തിന്റെയും ആഢ്യത്വത്തിന്റെയും പ്രൌഢിയുടേയും പാരമ്പര്യത്തിന്റെയും പൗരാണികതയുടേയും പ്രതീകമാണ് പരുന്തുകൾ.

പരുന്ത് വളർത്തുന്നവർക്കും പരുന്ത് ഫാം നിർമാതാക്കൾക്കുമായി സുരക്ഷിതവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ വിപണി അവതരിപ്പിക്കുവാനും ഫാൽക്കൺറി വികസനം, നവീകരണം, പ്രജനനം, പരിചരണം എന്നിവയിൽ നേതൃത്വം നൽകാനും മേള ലക്ഷ്യമിടുന്നു. പുതിയ കച്ചവട വിപണന അവസരങ്ങൾ സൃഷ്ടിക്കുകയും മേഖലയിലെ പരുന്ത് വളർത്തുന്നവർക്ക് സവിശേഷ ഫാൽക്കൺ ഇനങ്ങളെ നൽകുകയും ചെയ്യുന്നു. 

കൂടാതെ,  സാംസ്കാരികവും സാമ്പത്തികവുമായ ഉത്തേജകമായി ഇത് പ്രവർത്തിക്കുന്നു. പരിസ്ഥിതി അവബോധം പ്രോത്സാഹിപ്പിക്കുകയും വളർച്ചയുടെ വേദിയായി പ്രവർത്തിക്കുകയും ചെയ്യുന്നുവെന്ന് സൗദി ഫാൽക്കൺസ് ക്ലബ് വക്താവ് വാലിദ് അൽ തവീൽ പറഞ്ഞു.

അടുത്ത മേള  നടക്കുന്ന കിങ് അബ്ദുൽ അസീസ് ഫാൽക്കൺ ഫെസ്റ്റിവലിലെ അൽ മെൽവ മത്സരത്തിന്റെ എല്ലാ റൗണ്ടുകളിലും പങ്കെടുക്കാൻ ഇപ്പോൾ  ലേലം ചെയ്ത ഫാൽക്കണുകൾക്ക്  അർഹതയുണ്ടെന്ന് വക്താവ് അറിയിച്ചു.നവംബർ 28 മുതൽ ഡിസംബർ 14 വരെയാണ് ഉത്സവം നടക്കുക. മുൻ വർഷങ്ങളിൽ നടത്തിയ രാജ്യാന്തര ഫാൽക്കൺ മേളയിൽ 800 ലേറെ ഫാൽക്കണുകളുടെ ലേലത്തിലൂടെ 10 ദശലക്ഷം റിയാലി ലേറെ തുകയുടെ വിൽപന രേഖപ്പെടുത്തി. ഏകദേശം 25 പ്രമുഖ ഫാൽക്കൺ ഫാമുകൾ പങ്കെടുത്തിരുന്നു.