ജന്മദിനത്തില്‍ വാങ്ങിയ ടിക്കറ്റിലൂടെ പ്രവാസിക്ക് 33 കോടി; ബിഗ് ടിക്കറ്റില്‍ വമ്പന്‍ സമ്മാനങ്ങള്‍

0
2228

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 254-ാം സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹത്തിന്റെ (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി ഇന്ത്യക്കാരനായ സകീല്‍ ഖാന്‍ സര്‍വീന്‍ ഖാന്‍. ദുബൈയില്‍ താമസിക്കുന്ന സകീല്‍, ഒരു ഐടി കമ്പനിയില്‍ എഞ്ചിനീയറിങ് കോഓര്‍ഡിനേറ്ററായി ജോലി ചെയ്ത് വരികയാണ്.

സമ്മാനത്തുക കൊണ്ട് കടങ്ങള്‍ തീര്‍ക്കാനും സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനുമാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. 2015 മുതല്‍ ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്. ഇനിയും നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് തുടരാനാണ് സകീലിന്റെ പദ്ധതി. ഇത്തവണത്തെ സമ്മാനത്തുക ഇദ്ദേഹം 15 സുഹൃത്തുക്കളുമായി പങ്കിടും.

സാധാരണയായി നറുക്കെടുപ്പില്‍ നമ്പറുകള്‍ ഒട്ടും ആലോചിക്കാതെ തന്നെ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നതെന്നും ഇത്തവണ തന്റെ ജന്മദിനത്തില്‍ ടിക്കറ്റ് വാങ്ങിയത് കൊണ്ട് കുറച്ച് ആലോചിച്ചാണ് നമ്പറുകള്‍ തെരഞ്ഞെടുത്തതെന്നും സകീല്‍ പറയുന്നു.

ബിഗ് ടിക്കറ്റിന്റെ കഴിഞ്ഞ ഡ്രീം കാര്‍ പ്രൊമോഷന്‍ നറുക്കെടുപ്പില്‍ വിജയിച്ച മിന്റു ചന്ദ്ര ബാരി ചന്ദ്രയ്ക്ക് ജീപ്പ് റാംഗ്ലര്‍ ആണ് സമ്മാനമായി ലഭിച്ചത്. 2009 മുതല്‍ യുഎഇയിലുള്ള ഇദ്ദേഹം ബംഗ്ലാദേശ് സ്വദേശിയാണ്. ഇപ്പോള്‍ അല്‍ ഐനില്‍ താമസിച്ചുവരുന്ന ഇദ്ദേഹം ഒരു ഹെയര്‍ സലൂണില്‍ ജോലി ചെയ്ത് വരികയാണ്.

‘വിജയിച്ചെന്ന് അറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ല. എന്റെ സഹോദരനാണ് സമ്മാനവാര്‍ത്ത എന്നെ ആദ്യമായി അറിയിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റിന്റെ വെബ്‌സൈറ്റ് പരിശോധിച്ച് വിജയം ഉറപ്പിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമായിരുന്നു ഇത്. എന്റെ ഭാര്യയും മക്കളും വിജയം അറിഞ്ഞ് ഏറെ ആഹ്ലാദത്തിലാണ്’- അദ്ദേഹം പറഞ്ഞു