സഊദിയിൽ വിരുന്നെത്തിയ ഇന്ത്യൻ കാക്കകൾ മടങ്ങാൻ മനസ്സ് കാണിക്കുന്നില്ല; പുറത്താക്കാനൊരുങ്ങി സഊദി

0
4506

റിയാദ്: സഊദിയിൽ വിരുന്നെത്തിയ ഇന്ത്യൻ കാക്കകൾ മടങ്ങാൻ മനസ്സ് കാണിക്കുന്നില്ലെന്ന് കണ്ടെത്തൽ. ഇതേ തുടർന്ന് ഇവയെ എങ്ങനെ എങ്കിലും നിയന്ത്രിക്കാനുള്ള ഒരുക്കത്തിലാണ് സഊദി പരിസ്ഥിതി വകുപ്പ്. സഊദിയുടെ തെക്കുപടിഞ്ഞാറൻ തീരനഗരമായ ജീസാനിലും ഫറസാൻ ദ്വീപിലും വിരുന്നെത്തിയ ഇന്ത്യൻ കാക്കകൾ മടങ്ങുന്നില്ലെന്നാണ് കണ്ടെത്തൽ.

കാക്കളുടെ എണ്ണം പെരുകുകയും ശല്യം വർധിക്കുകയും ചെയ്തതോടെയാണ് നിയന്ത്രണ നടപടികളുമായി അധികൃതർ രംഗത്തെത്തുന്നത്. ഇന്ത്യൻ കാക്കളുടെ എണ്ണം അമിതമായി വർധിച്ചതു കാരണം ഇതര ചെറുജീവികളുടെ എണ്ണം വൻതോതിൽ കുറഞ്ഞതായി കണ്ടെത്തി.

ഇത് ജീവജാലങ്ങളുടെ നിലനിൽപിനെ ബാധിക്കും എന്നതിനാൽ കാക്കകളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട് എന്ന തീരുമാനത്തിലാണ് വനം, പരിസ്ഥിതി വകുപ്പ്. കാക്കകൾ ചെറുപ്രാണികളെ മുഴുവൻ അകത്താക്കുന്നതായും ഇത്തരത്തിൽ പല ജീവികളും അപ്രത്യക്ഷമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.

കാക്കകൾ ഇവിടങ്ങളിൽ കൂടുകൂട്ടുകയും താവളമടിക്കുകയും ചെയ്യുന്നത് തടയാനുള്ള മുന്നൊരുക്കത്തിലാണ് പരിസ്ഥിതി വകുപ്പ്. ഇന്ത്യൻ കാക്കയെ ഉന്മൂലനം ചെയ്യാനും ദ്വീപിൽ അതിന്റെ പ്രജനനം തടയാനും അതിന്റെ എണ്ണം വിലയിരുത്താനും പ്രജനന മേഖലകൾ, ഉറങ്ങുന്ന സ്ഥലങ്ങൾ, ഭക്ഷണം, പെരുമാറ്റ മേഖലകൾ എന്നിവ അറിയാനും പക്ഷികളുടെ എണ്ണവും വിതരണവും കണക്കാക്കാനും കേന്ദ്രം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. നിയന്ത്രണ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 35 ശതമാനം കാക്കകളും അവയുടെ 140 കൂടുകളും ഉന്മൂലനം ചെയ്തു.

രാജ്യത്തെ ജൈവവൈവിധ്യവും ജനിതക വിഭവങ്ങളും സംരക്ഷിക്കുന്നതിനായി തദ്ദേശീയമല്ലാത്ത ജീവിവർഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ദേശീയ പദ്ധതിയുടെ കീഴിൽ ആണ് ഈ നടപടികൾ വരുന്നത്. ഇന്ത്യയിൽനിന്ന് കടൽ കടന്നെത്തുന്ന കാക്കകൾ മലയാളികൾക്ക് ആദ്യമൊക്കെ കൗതുകമായിരുന്നു. സooദിയുടെ ചില ഭാഗങ്ങളിൽ മാത്രമാണ് കാക്കകളെ കണ്ടുവരാറുള്ളത്.