പിക്കപ്പിന്റെ ടയറുകൾ മണലിൽ പൂണ്ട് മരുഭൂമിയിലകപ്പെട്ട സഊദി പൗരൻ കൊടും ചൂടിൽ വെള്ളവും ഭക്ഷണവും കിട്ടാതെ മരിച്ചു

0
4745

സഊദിയിൽ ഒരാഴ്ച മുമ്പ് മരുഭൂമിയിലകപ്പെട്ട് കാണാതായ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. നജ്റാൻ പ്രവിശ്യയിൽ പെട്ട ഖബാശിന് കിഴക്ക് മരുഭൂപ്രദേശത്താണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇയാൾ സഞ്ചരിച്ചിരുന്ന പിക്കപ്പിന്റെ ടയറുകൾ മണലിൽ പൂണ്ട് മരുഭൂമിയിൽ കുടുങ്ങിപ്പോയതാണെന്ന് ഇയാൾക്ക് വേണ്ടി തിരച്ചിൽ നടത്തിയ ഇൻജാദ് വളണ്ടിയർ ടീം അറിയിച്ചു.

ഇദ്ദേഹത്തെ കാണാനില്ലെന്നും, ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ചയാണ് കുടുംബാംഗങ്ങൾ സുരക്ഷാ വകുപ്പുകളെ സമീപിച്ചത്.

വിവരം ലഭിച്ചതിനെ തുടർന്ന് ഇൻജാദ് വളണ്ടിയർമാർ പ്രത്യേക വാഹനങ്ങളുപയോഗിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് മരുഭൂമിയിൽ മരിച്ചു കിടക്കുന്ന നിലയിൽ ഇയാളെ കണ്ടെത്തിയത്.

മണലിൽ കുടുങ്ങിയ വാഹനം നീക്കാൻ കഴിയാതെ മരുഭൂമിയിൽ കൊടും ചൂടിൽ വെള്ളവും ഭക്ഷണവും കിട്ടാതെ കുടുങ്ങിയാണ് മരിച്ചത്