ഡല്‍ഹി: വിദേശ നിർമ്മിത ലാപ്ടോപ്പുകള്‍ക്ക് ഇന്ത്യയില്‍ ഇറക്കുമതി നിയന്ത്രണമേർപ്പെടുത്തിയതായി റിപ്പോർട്ട്. പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി ഇന്ത്യ അടിയന്തരമായി നിയന്ത്രിച്ചതായാണ് സർക്കാർ അറിയിപ്പെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
‘നിയന്ത്രിത ഇറക്കുമതിക്കുള്ള സാധുവായ ലൈസൻസിന് അനുസരിച്ച് അവരുടെ ഇറക്കുമതി അനുവദിക്കും’ എന്നാണ് നോട്ടീസിൽ പറയുന്നത്. ഏപ്രിൽ-ജൂൺ മാസങ്ങളിൽ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവ ഉൾപ്പെടുന്ന ഇലക്‌ട്രോണിക്‌സ് ഇറക്കുമതി 19.7 ബില്യൺ ഡോളറായിരുന്നു. മുന്‍ വർഷങ്ങളിലേതില്‍ നിന്നും ഇറക്കുമതി 6.25% വർധിച്ചു.
‘എച്ച്എസ്എൻ 8741-ന് കീഴിൽ വരുന്ന ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ സ്മോൾ ഫോം ഫാക്ടർ കംപ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിതമായിരിക്കും’ കേന്ദ്രം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. കാലാകാലങ്ങളിൽ ഭേദഗതി വരുത്തുന്ന ബാഗേജ് ചട്ടങ്ങൾക്ക് കീഴിലുള്ള ഇറക്കുമതിക്ക് പ്രസ്തുത നിയന്ത്രണം ബാധകമല്ലെന്നും വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു.




