റിയാദ്: റിയാദ് ഡെവലപ്‌മെന്റ് കമ്പനിയുടെ സംരംഭങ്ങളിലൊന്നായ
റിയാദിലെ അതീഖയില്‍ രണ്ടാമത് ഈന്തപ്പഴ മേളക്ക് തുടക്കമായി.
കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കും പുതിയ ഉല്‍പന്നങ്ങളുടെ ലഭ്യതക്കും സഹായകമാകുന്ന മേളയില്‍ സൗദി അറേബ്യയുടെ വിവിധ മേഖലകളില്‍ നിന്നും ഇതര അറബ് രാജ്യങ്ങളില്‍ നിന്നുമുള്ള കച്ചവടക്കാര്‍ പങ്കെടുക്കും.
അതീഖയില്‍ പച്ചക്കറി മാര്‍ക്കറ്റിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ ചത്വരത്തിലാണ് സൗദി അറേബ്യയിലെ ഏറ്റവും വലിയ ഈന്തപ്പഴ
മേള ഇന്നലെ ആരംഭിച്ചത്. നാലു മാസം നീണ്ടുനില്‍ക്കും. റിയാദിന്റെ പ്രൗഢമായ പാരമ്പര്യവും ആധുനികതയിലേക്കുള്ള കുതിപ്പും സമന്വയിപ്പിക്കുന്ന വിധമാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
പതിനായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള ചത്വരത്തിലെ 2400 ചതുരശ്രമീറ്റര്‍ പരിധിയില്‍ തയ്യാറാക്കിയ ശീതീകരിച്ച ഹാളില്‍ 84 കച്ചവടക്കാരുടെ 65 ബസ്തകളാണുള്ളത്.




