ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന ഏറ്റവും വലിയ ഒട്ടകോത്സവത്തിന് സഊദിയിൽ തുടക്കം

0
1102

ജിദ്ദ: ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന
ക്രൗൺ പ്രിൻസ്​ ഒട്ടകോത്സവത്തിന് ത്വാഇഫിൽ​​ തുടക്കമായി. ഇത്തവണയും രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി പേരുടെ ഒട്ടകങ്ങൾ മത്സരത്തിനുണ്ട്​. 350 മത്സരങ്ങൾക്ക്​ സാക്ഷ്യം വഹിക്കുന്ന പ്രാഥമിക ഘട്ടങ്ങളോടെയാണ്​ മത്സരം നടക്കുന്നത്.

ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന മത്സരത്തിലെ വിജയികൾക്ക്​ വമ്പിച്ച സമ്മാനങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്​​.
സൗദി കാമൽ ഫെഡറേഷനാണ്​ മത്സരം സംഘടിപ്പിക്കുന്നത്​. ഗൾഫ്, അറബ് മേഖലയിലെയും അന്തർദേശീയ തലത്തിലെയും ഒട്ടകയുടമകളുടെ പങ്കാളിത്തത്തിലാണ്​ മത്സരം നടക്കുക. ഇത് 12​ ദിവസം തുടരും. രാവിലെ 6.30 നും വൈകീട്ട്​ രണ്ട്​ സമയങ്ങളിലാണ്​ പ്രാഥമിക തല മത്സരം. അവസാന റൗണ്ട്​ മത്സരം ആഗസ്​റ്റ്​ 28 ന് തുടങ്ങും. 11 ദിവസം നീണ്ടുനിൽക്കും. അഞ്ച് മാരത്തൺ ഓട്ടങ്ങളും 239 റൗണ്ടുകളും അവസാനഘട്ടത്തിലുണ്ടാകും.

ഇത്തവണ സമ്മാന തുക വർധിപ്പിച്ചതായി സംഘാടകർ വ്യക്തമാക്കി. ഏറ്റവും കൂടുതൽ പോയിൻറ്​ നേടുന്ന ഒട്ടകയുടമക്ക്​ നൽകുന്ന ക്രൗൺ പ്രിൻസ് വാൾ അവാർഡി​ന്റെ തുക 10​ ലക്ഷം റിയാലിൽ നിന്ന് 17.5 ലക്ഷം റിയാലായി (3.83 കോടി രൂപ) ഉയർത്തി​. മൊത്തം സമ്മാന തുക 5.7 കോടി കവിയുമെന്നും സംഘാടകർ പറഞ്ഞു. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഒട്ടകോത്സവമായി ക്രൗൺ പ്രിൻസ്​ ഒട്ടകോത്സവം മാറിക്കഴിഞ്ഞു.