തൊടുപുഴ: നൗഷാദിനെ ഭാര്യ കൊന്നിട്ടില്ല. തൊടുപുഴയിൽ കണ്ടെത്തി. കൊന്നു കുഴിച്ചുമൂടിയെന്ന ഭാര്യ അഫ്സയുടെ മൊഴിയിൽ പൊലീസ് അന്വേഷിച്ച നൗഷാദ് ജീവനോടെ തൊടുപുഴയിൽ. തൊമ്മൻകുത്ത് ഭാഗത്തുനിന്നു കണ്ടെത്തിയ നൗഷാദ് പൊലീസ് സ്റ്റേഷനിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ഭയന്നിട്ടാണ് താൻ നാട്ടുവിട്ടത് എന്നു പറഞ്ഞു. ‘‘ഭാര്യ വിളിച്ചുകൊണ്ടു വന്ന ആളുകൾ മർദിച്ചു. ഭാര്യയുമായി വഴക്കുണ്ടായിരുന്നു. പേടിച്ചാണ് നാടുവിട്ടത്. ഇനി തിരികെ പോകാനും പേടിയാണ്’’– ഇതായിരുന്നു നൗഷാദിന്റെ വാക്കുകൾ.
ഇനി ഭാര്യയുടെ അടുത്തേക്കു തിരികെ പോകാൻ താൽപര്യമില്ലെന്നും ഇയാൾ വ്യക്തമാക്കി. ‘‘തൊമ്മൻകുത്തിൽ പറമ്പിൽ പണിയെടുക്കുകയാണ്. ഇവിടെ വന്നതിനുശേഷം ആരുമായും ബന്ധപ്പെട്ടിട്ടില്ല, ഫോണുമില്ല. ഭാര്യ എന്തുകൊണ്ടാണു കൊന്നു കുഴിച്ചുമൂടി എന്നൊരു മൊഴി നൽകിയതെന്ന് അറിയില്ല’’ – നൗഷാദ് പറഞ്ഞു. ഭാര്യയ്ക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ ഉണ്ടോ എന്ന ചോദ്യത്തിനു ‘‘കാണുമായിരിക്കും, എനിക്ക് തോന്നിയിട്ടുണ്ട്’’ എന്ന മറുപടിയാണ് നൗഷാദ് നൽകിയത്. ഇന്നലെയാണ് പൊലീസ് അന്വേഷിക്കുന്ന വിവരം അറിഞ്ഞതെന്നും നൗഷാദ് പറഞ്ഞു.
ഭാര്യയുമായുള്ള പ്രശ്നത്തെ തുടർന്ന് തൊടുപുഴയിലെ തൊമ്മൻകുത്തിലെത്തി അവിടെ ഒന്നര വർഷമായി താമസിച്ചു വരികയായിരുന്നു. ഇന്നലെമുതൽ നൗഷാദിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വന്നതോടെ ഇയാൾ താമസിച്ചുരുന്ന വീടിനു സമീപത്തുള്ളയാൾ ജയ്മോൻ എന്ന പൊലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന ജയ്മോൻ നടത്തിയ അന്വേഷണത്തിലാണ് ഇത് നൗഷാദ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. നൗഷാദിനെ കണ്ടെത്തിയതോടെ ഒന്നര വർഷമായി നടത്തുന്ന തിരച്ചിലിനും ഇന്നലെമുതൽ നടക്കുന്ന മൊഴി മാറ്റിപ്പറയൽ നാടകങ്ങൾക്കുമാണ് അവസാനമാകുന്നത്.