കുവൈത്ത് സിറ്റി: മസാജ് കേന്ദ്രങ്ങളില്‍ സദാചാര വിരുദ്ധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കേസില്‍ 15 പ്രവാസികളെ അറസ്റ്റ് ചെയ്തു. കുവൈത്ത് മോറല്‍സ് പ്രൊട്ടക്ഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാരായ 15 പേര്‍ പിടിയിലായത്.
സാല്‍മിയ, ഹവല്ലി എന്നിവിടങ്ങളിലെ മൂന്ന് മസാജ് കേന്ദ്രങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുറ്റാന്വേഷണ വിഭാഗം, പ്രത്യേകിച്ച് പബ്ലിക് മോറല്‍സ് പ്രൊട്ടക്ഷന്‍ വിഭാഗം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വരികയാണ്. പണം നല്‍കി സദാചാര വിരുദ്ധ പ്രവൃത്തികളില്‍ എര്‍പ്പെട്ടെന്ന കുറ്റം ചുമത്തിയാണ് 15 പേരെയും പിടികൂടിയത്. അറസ്റ്റിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
സമാനമായ രീതിയില്‍ സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്ന കേസില്‍ അഞ്ച് പ്രവാസികളെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. സാല്‍മിയയിലെ ഒരു മസാജ് കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
കുറ്റാന്വേഷണ വകുപ്പ്, പൊതുമര്യാദ സംരക്ഷണ വിഭാഗം എന്നിവയുമായി ചേര്‍ന്ന് രാജ്യത്തെ നിയമലംഘകരെ പിടികൂടാന്‍ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. ഏഷ്യക്കാരാണ് അറസ്റ്റിലായത്. പണം നല്‍കി സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ടെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരുന്നു.




