സാങ്കേതിക തകരാർ: 162 യാത്രക്കാരുമായി കോഴിക്കോട് നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

0
4721

കരിപ്പൂർ: കോഴിക്കോട് നിന്ന് ഒമാനിലെ മസ്ക്കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. 162 യാത്രക്കാരുമായി കോഴിക്കോട് നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനമാണ് ആശങ്കകൾക്കൊടുവിൽ തിരിച്ചിറക്കിയത്. മസ്കത്തിലേക്കു പോയ ഡബ്ല്യുവൈ 298 വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. 9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്.

ഒമാന്‍ എയര്‍വേയ്‌സിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിനു മുകളില്‍ ഒരു മണിക്കൂർ കറങ്ങിയതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിൻ്റെ വെതർ റഡാറിലാണ് തകരാർ. യാത്രക്കാര്‍ പൂര്‍ണമായും സുരക്ഷിതരാണ്.

വെതര്‍ റഡാര്‍ തകരാറിലായാൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കില്ല. മഴക്കാലമായതിനാല്‍ അത് അപകടസാധ്യതയുണ്ടാക്കിയേക്കാം എന്നതുകൊണ്ടാണ് വിമാനം തിരിച്ചിറക്കിയത്. ഇതിനിടെ പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ 6 മണിക്കൂറിനു ശേഷമേ വിമാനം പുറപ്പെടൂ എന്നാണ് ലഭിക്കുന്ന വിവരം.