എല്ലാ മത വിഭാഗത്തില്‍ പെട്ടവര്‍ക്കും അവരുടെ ആചാരപ്രകാരമുള്ള വിവാഹ കര്‍മ്മത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിരുന്നു
റിയാദ്: മകളുടെ വിവാഹത്തിന് പിന്നാലെ ഇരുപത് ജോടി യുവ മിഥുനങ്ങള്‍ക്ക് വരണമാല്യമൊരുക്കി സഊദി പ്രവാസി വ്യവസായി. മകള്‍ നിയ ഫാത്തിമയുടെ വിവാഹത്തോട് അനുബന്ധിച്ച് പ്രവാസി വ്യവസായിയും ഷിഫാ അല്‍ റബീഹ് മെഡിക്കല്‍ ഗ്രൂപ്പ് സി.എം.ഡിയുമായ ഷാജി അരിപ്രയാണ് മലപ്പുറത്ത് 40 പേര്‍ക്ക് മംഗല്യമൊരുക്കി പുതുചരിത്രം കുറിച്ചത്. സഊദിയിലെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനായ ഷാജി അരിപ്ര നേരത്തെയും നിരാലംബര്‍ക്കുള്ള ഭവന നിര്‍മാണത്തിനും സമൂഹ വിവാഹങ്ങള്‍ക്കും സഹായം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ട 20 ജോടി വധൂവരന്മാരാണ് ഒരേ വേദിയില്‍ വിവാഹിതരായത്. എല്ലാ മത വിഭാഗത്തില്‍ പെട്ടവര്‍ക്കും അവരുടെ ആചാരപ്രകാരമുള്ള വിവാഹ കര്‍മ്മത്തിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിരുന്നു.
വധുവിന് 10 പവന്‍ സ്വര്‍ണാഭരണവും വസ്ത്രവും വരന് മഹറായി നല്‍കാനുള്ള സ്വര്‍ണാഭരണവുമാണ് ഷാജി അരിപ്ര സമ്മാനിച്ചത്. വധൂവരന്മാരുടെ കുടുംബാംഗങ്ങള്‍,ബന്ധു മിത്രാദികള്‍, നാട്ടുകാര്‍ ഉള്‍പ്പടെ ആയിരത്തിലധികമാളുകള്‍ക്കുള്ള ഭക്ഷണവും ഒരുക്കിയിരുന്നു.
മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും കെ. ആലിക്കുട്ടി മുസലിയാരും ഉള്‍പ്പടെയുള്ളവര്‍ ഇസ് ലാമിക മതാചാരപ്രകാരമുള്ള വിവാഹങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഹൈന്ദവ വിവാഹ ചടങ്ങുകള്‍ക്ക് മണികണ്ഠശര്‍മ്മ കാര്‍മികത്വം വഹിച്ചു.
ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിച്ച ചടങ്ങില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, അഡ്വ. നാലകത്ത് സൂപ്പി, വി. ശശികുമാര്‍,അബ്ദുസ്സമദ് പൂക്കോട്ടൂര്‍, മുഹമ്മദ് കുട്ടി ഫൈസി ആനമങ്ങാട്, അഷ്‌റഫ് വേങ്ങാട്ട് , ബഷീര്‍ ഫൈസി ചെരക്കാപറമ്പ്, സുലൈമാന്‍ ഫൈസി,റഫീഖ് പൂപ്പലം എന്നിവര്‍ സംസാരിച്ചു.




