ചുട്ടുപഴുത്ത കാറില്‍ തനിച്ച് അഞ്ചു മണിക്കൂര്‍; 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

0
3455

56 ഡിഗ്രി സെല്‍ഷ്യസോളം താപനില ഉയര്‍ന്ന കാറിലാണ് കുഞ്ഞ് അഞ്ച് മണിക്കൂറോളം ഇരുന്നത്

ഫ്‌ലോറിഡ: അടച്ചിട്ട കാറിനുള്ളില്‍ മണിക്കൂറുകളോളം തനിച്ചായ 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. യുഎസിലെ ഫ്‌ലോറിഡയിലാണ് ദാരുണ സംഭവം ഉണ്ടായത്. 56 ഡിഗ്രി സെല്‍ഷ്യസോളം താപനില ഉയര്‍ന്ന കാറിലാണ് കുഞ്ഞ് അഞ്ച് മണിക്കൂറോളം ഇരുന്നത്. സംഭവത്തില്‍ കുഞ്ഞിന്റെ കെയര്‍ ടേക്കറായ റോണ്ട ജുവലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- കുഞ്ഞിനെ മണിക്കൂറുകളോളം കാറില്‍ തനിച്ചിരുത്തിയതിനാണ് ജുവലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് കുട്ടികള്‍ക്കൊപ്പം കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു കെയര്‍ടേക്കറായ ജുവല്‍. വീട് എത്തിയപ്പോള്‍ കുഞ്ഞ് ഉറക്കമായിരുന്നു. മറ്റ് കുട്ടികളുമായി ഇവര്‍ വീടിനുള്ളിലേക്ക് കയറി. കാറില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ കാര്യം ഇവര്‍ മറന്നുപോയി.

പിന്നീട് അഞ്ച് മണിക്കൂറിന് ശേഷം തിരികെയെത്തിയപ്പോഴേക്കും കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അടച്ചിട്ട കാറില്‍ കുട്ടികളെ തനിച്ചിരുത്തി പോകുന്നത് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്.