മനാമ: പിടിച്ചെടുത്ത 4,800 കിലോഗ്രാം ലഹരിമരുന്നും ലഹരി പദാര്‍ത്ഥങ്ങളും നശിപ്പിച്ചതായി അറിയിച്ച് പബ്ലിക് പ്രോസിക്യൂഷന്‍. വിവിധ കോടതി വിധികള്‍ പ്രകാരം പിടിച്ചെടുത്ത ലഹരി പദാര്‍ത്ഥങ്ങളാണ് പ്രത്യേക സമിതിയുടെ മേല്‍നോട്ടത്തില്‍ നശിപ്പിച്ചത്.
ജഡ്ജിയുടെയും ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്റ്‌സ് വകുപ്പ് മന്ത്രിയുടെയും ഉത്തരവ് പ്രകാരം ചുമതലപ്പെടുത്തിയ പ്രത്യേക സമിതിയാണ് ഇവ നശിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്. മന്ത്രാലയത്തിലെ മറ്റ് അംഗങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്‍ എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
ഈ സമിതിയുടെ മേല്‍നോട്ടത്തിലാണ് ലഹരി പദാര്‍ത്ഥങ്ങള്‍ നശിപ്പിച്ചത്. ഈ പാനല്‍ ഇന്നലെ രാവിലെ ലഹരി പദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചിരുന്ന സ്റ്റോറിലെത്തി ഇവ പരിശോധിച്ച് ഉറപ്പാക്കിയതായി സമിതി ചെയര്‍മാനും പീനല്‍ എക്‌സിക്യൂഷന്‍ പ്രോസിക്യൂഷന്‍ ഓഫീസ് തലവനുമായ അഡ്വ.മുഹമ്മദ് സാലിഹ് അല്‍ മുസല്ലം പറഞ്ഞു. നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് വലിയ ചൂളയില്‍ 1,100 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ഈ ലഹരി പദാര്‍ത്ഥങ്ങള്‍ ഉരുക്കി നശിപ്പിക്കുകയായിരുന്നു.