ഭരണാധികാരിക്ക് ജന്മദിനാശംസകൾ നേരാത്തതാണ് തന്റെ ഏറ്റവും വലിയ ഖേദമെന്നും അനസ് പറഞ്ഞു
ദുബൈ: മലയാളി വ്യവസായിയായ അനസ് റഹ്മാൻ ജുനൈദിനും കുടുംബത്തിനും ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല; അവരുടെ എലവേറ്റലേയ്ക്ക് കയറിയതും സംസാരിച്ചതും തങ്ങൾ ഫോട്ടോയെടുത്തതും യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം തന്നെയാണെന്ന്!.
കഴിഞ്ഞ ദിവസം അറ്റ്‌ലാന്റിസ് ദ് റോയലിന്റെ 22-ാം നിലയിൽ നിന്ന് ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം ലിഫ്റ്റിൽ കയറിയതായിരുന്നു അനസ്. പെട്ടെന്നതാ, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്‍റെ പരിവാരങ്ങളോടൊപ്പം അകത്തേക്ക് പ്രവേശിച്ചു. ആദ്യം ശരിക്കും ഞെട്ടലാണുണ്ടായത്. അദ്ദേഹം ലിഫ്റ്റിൽ കയറി നിന്നു. വളരെ സൗഹാർദ്ദപരമായിരുന്നു പെരുമാറ്റം. അദ്ദേഹം എന്റെ മകൾക്ക് ചുറ്റും കൈകൾ വച്ചു. താൻ ആരാണെന്ന് അവൾക്ക് അറിയാമോയെന്ന് അവളോട് ചോദിച്ചു. മറ്റുള്ളവരുമായും അദ്ദേഹം സംസാരിച്ചു.
കൂടാതെ, എല്ലാവരോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തു. ഇത് തന്നെയും കുടുംബത്തെ ആവേശഭരിതരാക്കിയെന്ന് ജുനൈദ് പറഞ്ഞു. ലിഫ്റ്റിൽ നിന്ന് ഇറങ്ങുമ്പോൾ ഞങ്ങളെല്ലാവരും ആവേശത്തിൽ ചാടുകയായിരുന്നു. ഭാര്യ തൻസീമിനും 10 വയസ്സുള്ള മകൾ മിഷേലിനും ഏഴ് വയസ്സുള്ള മകൻ ഡാനിയലിനും ദുബായ് ഭരണാധികാരിയെ കണ്ടതിലുള്ള സന്തോഷം ഇപ്പോഴും അടങ്ങിയിട്ടില്ല. രണ്ടാഴ്ചത്തെ അവധിയാഘോഷിക്കാൻ മുംബൈയിൽ നിന്നെത്തിയ ജുനൈദും കുടുംബവും അറ്റ്‌ലാന്റിസ് ദ് റോയലിലായിരുന്നു താമസിച്ചത്.
22-ാം നിലയിലെ മുറിയിൽ നിന്ന് താഴത്തെ നിലയിലെത്താൻ ലിഫ്റ്റിൽ കയറിയതായിരുന്നു ഇവർ. 21-ാം നിലയിൽ ലിഫ്റ്റ് നിർത്തിയപ്പോഴാണ് ഷെയ്ഖ് മുഹമ്മദ് കയറിയത്. മകളോട് സംസാരിച്ചതിന് ശേഷം അദ്ദേഹം ഞങ്ങളുടെ നേരെ തിരിഞ്ഞ് എവിടെ നിന്നാണെന്നും എന്താണ് ചെയ്യുന്നതെന്നും ആരാഞ്ഞു. അതിനുശേഷം ഫോട്ടോ എടുക്കാൻ നിന്നുതന്നു. എന്റെ മകൻ സാധാരണയായി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ പുഞ്ചിരിക്കാറില്ല. എന്നാൽ ഇത്തവണ അവന്റെ മുഖത്ത് നിറ പുഞ്ചിരിയുണ്ടായിരുന്നു.
ഭരണാധികാരിക്ക് ജന്മദിനാശംസകൾ നേരാത്തതാണ് തന്റെ ഏറ്റവും വലിയ ഖേദമെന്നും അനസ് പറഞ്ഞു. അത് അദ്ദേഹത്തിന്റെ ജന്മദിനമാണെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ലിഫ്റ്റിൽ പെട്ടെന്ന് കണ്ടപ്പോൾ അതൊക്കെ ഓർമവരുമായിരുന്നോ എന്നും പറയാനാവില്ല. ഷെയ്ഖ് മുഹമ്മദിനോടൊത്തുള്ള പടങ്ങൾ അനസ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ താങ്കളെത്ര ഭാഗ്യവാനാണെന്ന പ്രതികരണങ്ങളാണ് ആളുകളിൽ നിന്നുമെത്തിയത്. ശനിയാഴ്ച തന്റെ 74–ാം ജന്മദിനം ആഘോഷിച്ച ഷെയ്ഖ് മുഹമ്മദ് പൊതുജനങ്ങളുമായി എളിമയോടെ ഇടപഴകുന്നതിൽ പ്രശസ്തനാണ്.