വ്യാജ ഫോണ്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും എതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

0
1093

ദുബൈ: വ്യാജ ഫോണ്‍ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും എതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും മുന്നറിയിപ്പ് നൽകി. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്‌വേർഡ്‌, ഒടിപി എന്നിവ നല്‍കി തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് അറിയിപ്പ്.

ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെട്ട് വരുന്ന ഫോണ്‍ കോളുകള്‍ അവഗണിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു. വിശ്വസനീയമായ രീതിയിലായിരിക്കും തട്ടിപ്പുകാര്‍ വിവരങ്ങള്‍ ആവശ്യപ്പെടുക. എന്നാല്‍ ഇത്തരം ഫോണ്‍ കോളുകളോട് പ്രതികരിക്കരുത്. വ്യാജ വെബ്സൈറ്റുകളില്‍ നിന്ന് ഇ മെയിലിലൂടെ ലഭിക്കുന്ന ലിങ്കുകളും തുറക്കരുത്. സ്വകാര്യ വിവരങ്ങള്‍ പുറത്ത് പോകാന്‍ ഇത് കാരണമാകും.

തട്ടിപ്പിന് ഇരയായാല്‍ ബാങ്കിലും പോലീസിലും ഉടന്‍ വിവരം അറിയിക്കണമെന്നും മാനവവിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം ആവശ്യപ്പെട്ടു. വ്യാജ വെബ്സൈറ്റുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും നിര്‍മ്മിച്ച് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിക്കും മന്ത്രാലയവും പൊലീസും തുടക്കമിട്ടു. ഇത്തരക്കാര്‍ക്ക് അഞ്ച് വര്‍ഷം തടവും കുറ്റത്തിന്റെ കാഠിന്യം അനുസരിച്ച് 20 ലക്ഷം ദിര്‍ഹം വരെ പിഴയുമാണ് ശിക്ഷ.