റിയാദ്: സഊദി കെഎംസിസി ഹജ്ജ് സെല്ലിന് കീഴിൽ ഈ വർഷത്തെ ഹജ്ജ് വേളയിൽ മിനായിൽ സേവനം ചെയ്ത കോട്ടക്കൽ മണ്ഡലത്തിൽ നിന്നുള്ള കെ എം സി സി ഹജ്ജ് വളന്റിയർമാരെ ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി അനുമോദിച്ചു. ബഗ്ദാദിയ്യ സഫയർ റസ്റ്റോറന്റ് ഹാളിൽ വെച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടി ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. “ഉത്തമ സേവനത്തിന് ഉദാത്ത മാതൃക” എന്ന മഹത്തായ സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന കെഎംസിസി വളന്റിയർമാർ ഹാജിമാർക്ക് തുല്യതയില്ലാത്ത സേവന പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹാജിമാരും സൗദി അധികൃതരും കെഎംസിസി ഹജ്ജ് വളന്റിയർമാരുടെ നിസ്വാർത്ഥ സേവനം കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ജിദ്ദ കെ എം സി സി കോട്ടക്കൽ മണ്ഡലം ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

നജ്മുദ്ദീൻ തറയിൽ ഖിറാഅത്ത് നടത്തി. കോട്ടക്കൽ മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് അൻവറുദ്ദീൻ പൂവ്വല്ലൂർ സ്വാഗതവും സെക്രട്ടറി സൈനുദ്ദീൻ കോടഞ്ചേരി നന്ദിയും പറഞ്ഞു.