മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ അന്ത്യവിശ്രമം
ജിദ്ദ: ജിദ്ദയിലെ മലയാളി ഫുട്‍ബോളർ ഷാഹിദ് എന്ന ഈപ്പുവിന്റെ ആകസ്മിക നിര്യാണത്തിൽ ഞെട്ടലോടെ പ്രവാസ ലോകം. പൂർണ്ണ ആരോഗ്യവാനും മികച്ച കളിക്കാരനുമായ ഈ മുപ്പത്കാരന്റെ മരണം പ്രവാസികൾക്കിടയിൽ ഏറെ ഞെട്ടലാണ് ഉണ്ടാക്കിയത്. നിര്യാതനായി. ടൗൺ ടീം സ്‌ട്രൈക്കേഴ്‌സ് ക്ലബ്ബിൽ മുൻനിര കളിക്കാരനായ അദ്ദേഹം മലപ്പുറം അരീക്കോട്ഊർങ്ങാട്ടിരി ഈസ്റ്റ് വടക്കുംമുറി തെരട്ടമ്മൽ സ്വദേശിയാണ്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നെഞ്ചുവേദനയെ തുടർന്ന് ബുധനാഴ്ച്ചയാണ് ജിദ്ദയിലെ ഫഹദ് ആശുപത്രിയിൽ ഷാഹിദിനെ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെയോടെ മരണം തേടിയെത്തുകയായിരുന്നു. പ്രവാസികൾക്കിടയിൽ ഹൃദയാഘാതം വ്യാപകമാകുന്നത് ആശങ്ക ഉയർത്തുന്നുവെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാതെയും മതിയായ വ്യായാമം ഇല്ലാതെയും ജീവിതം തള്ളി നീക്കുന്നതിനാലാണെന്ന് പൊതുവെ സംസാരം ഉണ്ടാകാറുണ്ട്. എന്നാൽ, ഇതെല്ലാം ഒത്തിണങ്ങിയ ചുറുചുറുക്കുള്ള ഈ ചെറുപ്പക്കാരനെ മരണം പെട്ടെന്ന് തേടിയെത്തിയത് ഇപ്പോഴും അടുത്ത സുഹൃത്തുക്കൾക്ക് വിശ്വസിക്കാനായിട്ടില്ല.
ഭാര്യ മർസ്സീന മോളും ഒരേയൊരു മകൻ ആറുമാസമായ ഇവാൻ ആദമും ഏതാനും ദിവസങ്ങൾക്കു മുമ്പ് മാത്രമാണ് സന്ദർശക വിസയിൽ ജിദ്ദയിലെത്തിയത്. പ്രവാസ ലോകത്തെ മധുരമുള്ള കുടുംബ ജീവിതം ആസ്വദിക്കും മുമ്പ് തന്നെ പ്രിയതമൻ വിട്ടുപോയതിൽ കരഞ്ഞു കണ്ണീർ വറ്റിയ മർസീന മോളെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന വേദനയിലാണ് സുഹൃത്തുക്കൾ. ഇവരെ നാട്ടിലേക്ക് പറഞ്ഞയക്കാനുള്ള നടപടികൾ നടന്നുവരികയാണ്.
ഇതിനെല്ലാം പുറമെ, വിവാഹ വാർഷിക ദിനം തന്നെ മരണം വിരുന്നെത്തിയെന്നതും ഏവരെയും നൊമ്പരപ്പെടുത്തി. രണ്ടാം വിവാഹ വാർഷിക വേളയിലാണ് മരണമെത്തിയത്. ദീർഘ കാലമായി ജിദ്ദയിൽ പ്രവാസിയാണ്. ജിദ്ദ ഖാലിദ് ബിൻ വലീദ് സ്ട്രീറ്റിൽ ഹോട്ടൽ നടത്തുകയായിരുന്നു. മയ്യത്ത് മക്കയിലെതിച്ച് ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കി. ജിദ്ദയിൽ നിന്ന് വെള്ളിയാഴ്ച സുബ്ഹിയോടെയാണ് മക്കയിൽ എത്തിച്ചത്. തുടർന്ന് മയ്യത് നിസ്കാര ശേഷം ജന്നതുൽ മുഅല്ലയിൽ ഖബറടക്കം നടത്തി. ജിദ്ദയിൽ മരിച്ചവർക്ക് മക്കയിൽ ജന്നത്തുൽ മുഅല്ലയിൽ ഖബറടക്കമെന്നത് വളരെ അപൂർവ്വമയാണ് നടക്കാറുള്ളത്. എന്നാൽ, ഷാഹിദിന്റെ ഖബറടക്കം ഇവിടെ നടത്താനുള്ള നടപടികൾ വളരെ പെട്ടെന്ന് തന്നെ പൂർത്തിയാക്കാൻ കഴിഞ്ഞതായി ഇതിന് വേണ്ടി പ്രവർത്തിച്ചവർ അറിയിച്ചു.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക