24 വർഷം മുമ്പ് ജോലിക്കായി ബഹ്‌റൈനിലെത്തിയ ചെല്ലയ്യ പിന്നീട് നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നില്ല
മനാമ: ബഹ്‌റൈനിൽ എത്തി 24 വർഷമായി നാട്ടിൽ പോകാതിരുന്ന തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കൊണ്ടുപോകാനും മാസങ്ങൾ വൈകി. കഴിഞ്ഞ വർഷം നവംബറിൽ മരിച്ച തമിഴ്നാട് പുതുക്കോട്ട, താലൂക്കിലെ, ഒക്കൂർ ഗ്രാമത്തിൽ ചെല്ലയ്യ (65)യുടെ മൃതദേഹമാണ് 9 മാസങ്ങൾക്ക് ശേഷം നാട്ടിലെത്തിച്ചത്.
24 വർഷം മുമ്പ് ജോലിക്കായി ബഹ്‌റൈനിലെത്തിയ ചെല്ലയ്യ പിന്നീട് നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നില്ല. പല തവണ വിസ പുതുക്കി ബഹ്‌റൈനിൽ തന്നെ താമസം തുടരുകയായിരുന്നു. 2022 നവംബർ 22നാണ് ഇദ്ദേഹം മരിച്ചത്. വീട്ടുകാർക്ക് മരണശേഷമെങ്കിലും അദ്ദേഹത്തിന്റെ മുഖം കാണണമെന്ന് ബഹ്‌റൈനിലുള്ള സുഹൃത്തുക്കൾ മുഖേന ഇന്ത്യൻ എംബസിയെ അറിയിച്ചു.
തുടർന്ന് ബഹ്‌റൈനിലെ തമിഴ് നാട്ടുകാരുടെ കൂട്ടായ്മയായ അണ്ണൈ തമിഴ് മൺട്രം പ്രവർത്തകർ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ നടത്തിത്തുടങ്ങിയപ്പോഴാണ് ചെല്ലയ്യയുടെ പേരിലെ വ്യത്യാസം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
കൃത്യമായ രേഖകളുടെ അഭാവത്തിലോ സുഹൃത്തുക്കൾ വിളിക്കുന്ന പേരിന്റെ അടിസ്‌ഥാനത്തിലോ ബഹ്‌റൈന്‍ പൊലീസ് രേഖപ്പെടുത്തിയ ആശുപത്രി രേഖകളിലെ പേര് കന്തസ്വാമി എന്നായിരുന്നു. അതോടെ മൃതദേഹം നാട്ടിലേക്കയക്കുന്നതിന് നിയമ പ്രശ്നങ്ങളുണ്ടായി. തുടർന്ന് മരിച്ചത് കന്തസ്വാമി അല്ല ചെല്ലയ്യ ആണ് എന്ന് അധികൃതരെ ബോധ്യപ്പെടുത്താനുള്ള ശ്രമമായി.
ചെല്ലയ്യയുടെ ബന്ധുക്കൾ പുതുക്കോട്ട ജില്ലാ കളക്ടർ, ബഹ്‌റൈൻ ഇന്ത്യൻ എംബസി, വരമതി എൻജിഒ ചെന്നൈ, സൽമാനിയ ഹോസ്പിറ്റൽ മാനേജ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ 9 മാസത്തെ ശ്രമത്തിനൊടുവിൽ മരിച്ചത് ചെല്ലയ്യ ആണ് എന്ന് നിയമപരമായി സ്‌ഥിരീകരിച്ചു. അങ്ങനെ കാത്തിരിപ്പിന് ശേഷം ചെല്ലയ്യയുടെ മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ നിന്ന് സ്വദേശമായ പുതുക്കോട്ടയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഈ ഒരു ദൗത്യത്തിന് മുന്നിട്ടിറങ്ങുമ്പോൾ പിന്തുണ നൽകിയ ഇന്ത്യൻ എംബസി, സൽമാനിയ മെഡിക്കൽ കോളജ്, പുതുക്കോട്ട ജില്ലാ കളക്ടർ തുടങ്ങി എല്ലാവർക്കും അണ്ണൈ തമിഴ് ഫോറം നന്ദി രേഖപ്പെടുത്തി.