എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു; യാത്രക്കാർ മണിക്കൂറുകളോളം ദുരിതത്തിലായി

0
2115

ദോഹ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം
അനിശ്ചിതമായി വൈകുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ദോഹയിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അനിശ്ചിതമായി വൈകുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുമായി റൺവേയിലൂടെ ടേക്ക് ഓഫിനൊരുങ്ങിയ വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി സർവീസ് നിർത്തിവെച്ചത്.

തുടർന്ന് റൺവേയിൽ നിർത്തിയിട്ട വിമാനത്തിൽ 150ലേറെ യാത്രക്കാർക്കാണ് രണ്ടു മണിക്കൂറോളം കഴിയേണ്ടി വന്നത്. ഉടൻ പുറപ്പെടാനാകില്ലെന്ന് ഉറപ്പായതോടെ രണ്ട് മണിക്കൂറിന് ശേഷം യാത്രക്കാരെ പുറത്തിറക്കി വിമാനത്താവളത്തിൽ ഇരുത്തുകയായിരുന്നു.

പിന്നീട് രാത്രി ഒമ്പത് മണിയോടെയാണ് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയത്. കൈക്കുഞ്ഞുങ്ങളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ മണിക്കൂറുകളോളം ദുരിതത്തിലായി. ഇന്ന് വൈകിട്ടോടെ വിമാനം പുറപ്പെടുമെന്നാണ് റിപ്പോർട്ട്.