ജിദ്ദ: സഊദിയിലെ സ്ത്രീകൾ ഉന്നത പദവികൾ അലങ്കരിക്കുന്നവരായി മാറിയെന്ന് വാണിജ്യ ഉപമന്ത്രി ഇമാൻ അൽമുതൈരി. രാജ്യത്തെ പരിവർത്തന പ്രക്രിയയുടെ ഹൃദയഭാഗത്ത് സൗദി വനിതകളാണ്. സുസ്ഥിര സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വിഷൻ 2030ന്റെ ലക്ഷ്യങ്ങളിലൊന്നായ വികസനത്തിൽ വനിതകളുടെ പങ്കാളിത്തം വലുതാണെന്നും അവർ പറഞ്ഞു.
മനുഷ്യാവകാശ കൗൺസിലിന്റെ 53ാമത് സെഷന്റെ ഭാഗമായി ജനീവയിൽ നടന്ന ‘തീരുമാനമെടുക്കുന്ന സംവിധാനങ്ങളിൽ സ്ത്രീകളുടെ തുല്യവും സമഗ്രവുമായ പ്രാതിനിധ്യം’ എന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഉന്നത സ്ഥാനം അലങ്കരിക്കാൻ കഴിയുന്ന സൗദി വനിതകൾക്കായുള്ള ദേശീയ പ്ലാറ്റ്ഫോമിൽ 9,000ത്തിലധികം സൗദി വനിതകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വെല്ലുവിളികൾ പരിഹരിച്ച് കഴിഞ്ഞ കാലഘട്ടത്തിൽ നേടിയതിനേക്കാൾ വിജയശതമാനം വർധിപ്പിക്കാനാണ് പ്രവർത്തിക്കുന്നത്.
വിവിധ മേഖലകളിൽ വിശേഷിച്ച് ബിസിനസ് മേഖലയിൽ സ്ത്രീകളെ പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നിയമനിർമാണങ്ങളും നടപടിക്രമങ്ങളും പുറപ്പെടുവിച്ചിട്ടുണ്ടെന്നും കൂട്ടിചേർത്തു.
സ്ത്രീകൾക്കെതിരായ വിവേചനങ്ങൾ ഇല്ലാതാക്കുന്നതിനുള്ള സമിതിയുടെ (സി.ഇ.ഡി.എ.ഡബ്ല്യു) സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
സാമ്പത്തിക വികസനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ശാക്തീകരിക്കുന്നതിനും വർധിപ്പിക്കുന്നതിനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾ പരിപാടിയിൽ അൽമുതൈരി വിശദീകരിച്ചു. സ്ഥാനപതിമാരും ജനീവയിലെ സ്ഥിരം ദൗത്യപ്രതിനിധികളും ഐക്യരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു.