അബുദാബി: കുട്ടികളെ വാഹനത്തിൽ തനിച്ചിരുത്തി പോകുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അബുദാബി പൊലീസ്. 40 ഡിഗ്രിക്കു മുകളിലാണ് പുറത്തെ ചൂട്. പുറത്തു നിർത്തിയിടുന്ന വാഹനത്തിനുള്ളിൽ 60 ഡിഗ്രിവരെ ചൂടുവരും. ഇതിനുള്ളിൽ കുട്ടികളെ തനിച്ചാക്കി ഡോർ ലോക്ക് ചെയ്തു പോകുന്നത് മരണത്തിനു വരെ കാരണമാകും.
എസി ഇട്ടിട്ടു പോയാലും വെയിലത്തു കിടക്കുന്ന വണ്ടി ചൂടായി ഉള്ളിലെ താപനില മാറും. ഇത് കുട്ടികളിൽ അസ്വസ്ഥതയുണ്ടാക്കും. താപനില ഉയരുന്നതോടെ ശ്വാസതടസ്സം ഉണ്ടായി കുട്ടി മരിക്കും. കടകളിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നവരാണ് ലാഘവത്തോടെ കുട്ടികളെ വാഹനത്തിലാക്കുന്നത്. ബന്ധുക്കളുടെയും സ്കൂൾ ബസ് ജീവനക്കാരുടെയും അശ്രദ്ധമൂലം അടച്ചിട്ട വാഹനത്തിൽ ശ്വാസം മുട്ടി കുട്ടികൾ മരിച്ച സംഭവങ്ങൾ പരാമർശിച്ചാണ് പൊലീസിന്റെ മുന്നറിയിപ്പ്.
ഗൾഫ് രാജ്യങ്ങളിൽ ജൂൺ മുതൽ ഓഗസ്റ്റ് വരെ കടുത്ത ചൂടനുഭവപ്പെടുന്നതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്തു പോകുമ്പോൾ രണ്ടു വട്ടം ആലോചിക്കണം. തുറന്ന സ്ഥലത്താണെങ്കിൽ താപനില 60 ഡിഗ്രിയിലെത്താൻ അധിക സമയം വേണ്ട. താപനില കൂടുന്നതിനനുസരിച്ച് അകത്തെ ചൂടും കൂടും. ജൂൺ മുതൽ ഓഗസ്റ്റ് വരെ ചൂട് 48 ഡിഗ്രി കടക്കാറുണ്ട്. ഇത്തവണ കടുപ്പം കൂടിയ ചൂടിന് ദൈർഘ്യവും കൂടുതലായിരിക്കും.
ഈ സാഹചര്യത്തിൽ വാഹനത്തിൽ പൂട്ടിയിട്ടു പോകുന്ന കുട്ടികളുടെയും വയോധികരുടെയും ജീവൻ അപകടത്തിലാകും.. കടുത്ത ചൂടിനൊപ്പം വാഹനത്തിനുള്ളിൽ നിന്നു പുറപ്പെടുന്ന വിഷവായുവും മരണത്തിനു കാരണമാകും. കുട്ടികളിൽ നിർജലീകരണം കൂടിയാകുമ്പോൾ മരണം വേഗത്തിലാകും. ചിലർ കുട്ടികളെ തനിച്ചാക്കി വാഹനം സ്റ്റാർട്ടാക്കി നിർത്തിയാണ് പുറത്തിറങ്ങുക. എന്നാൽ വാഹനത്തിൽ കളിക്കുന്നതിനിടെ ഗിയർ മാറ്റിയും എസിയും എഞ്ചിനും ഓഫാക്കിയും സ്വന്തമായി ഓടിച്ചു നോക്കിയും അപകടമുണ്ടായ സംഭവങ്ങളുണ്ട്.
വീട്ടിൽ നിർത്തുന്ന വാഹനങ്ങൾ ലോക്ക് ചെയ്തു ഭദ്രമാക്കിയെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. ചൂടു സമയത്ത് സ്റ്റാർട്ട് ചെയ്തിട്ടു പോകുന്ന വാഹനങ്ങൾ ബാറ്ററിയുടെയോ മറ്റോ സാങ്കേതിക തകരാറ് മൂലം തീ പിടിക്കാനും സാധ്യതയുണ്ട്. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് രാജ്യത്ത് കടുത്ത ശിക്ഷയാണ്. കുട്ടിയെ വാഹനത്തിൽ തനിച്ചാക്കി അപകടം വിളിച്ചു വരുത്തിയാൽ പിഴയോ തടവോ ലഭിക്കും.