അടിയന്തര പ്രാധാന്യമുള്ള ജോലികൾക്ക് ഉച്ചവിശ്രമം ബാധകമല്ലെന്ന് ആഭ്യന്തര മന്ത്രാലയം

ദുബായ്: യു എ ഇയിൽ അടിയന്തര പ്രാധാന്യമുള്ള ജോലികൾക്ക് ഉച്ചവിശ്രമം ബാധകമല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സെപ്റ്റംബർ 15വരെ ഉച്ചയ്ക്ക് 12 മുതൽ 3.30വരെ തുറസ്സായ സ്ഥലത്തെ ജോലികൾക്ക് വിലക്കുണ്ടെങ്കിലും പൊതുജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളിൽ ഈ നിയന്ത്രണം ബാധകമല്ല.

ഉച്ചയ്ക്കു ശേഷം ചെയ്താൽ പൂർത്തിയാക്കാൻ കഴിയാത്ത ജോലികൾക്ക് വിശ്രമനിയമം ബാധകമല്ല. അപകടം ഒഴിവാക്കൽ, തകരാർ പരിഹരിക്കൽ തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള ജോലികൾക്ക് ഉച്ചവിശ്രമം വേണ്ട. വാതക, ഓയിൽ പൈപ്പ് ലൈനുകൾ, ജലവിതരണ ലൈനുകൾ , മലിനജല ലൈനുകൾ, വൈദ്യുതി ലൈനുകൾ എന്നിവയിലെ ജോലികൾ സമയം നോക്കി ചെയ്യാൻ കഴിയില്ല.

പൊതു റോഡുകളിലെ ഗതാഗതം പുന:സ്ഥാപിക്കുക, വഴി തിരിച്ചുവിടുക തുടങ്ങിയ ജോലികൾക്കും ഉച്ചവിശ്രമമില്ല. ഇത്തരം സന്ദർഭങ്ങളിൽ തൊഴിലാളികൾക്ക് ആവശ്യമായ ആരോഗ്യ സുരക്ഷ ഒരുക്കേണ്ട ബാധ്യത തൊഴിലുടമകൾക്കാണെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ എണ്ണത്തിന് അനുസരിച്ചു കുടിവെള്ളം തൊഴിലിടങ്ങളിൽ ഉണ്ടായിരിക്കണം.

രാജ്യത്തെ ആരോഗ്യ മന്ത്രാലയങ്ങൾ അംഗീകരിച്ച പാനീയങ്ങൾ പണിയിടങ്ങളിലുണ്ടാകണം. പ്രാഥമിക ആരോഗ്യ സുരക്ഷാ ഔഷധങ്ങളും ലഭ്യമാക്കേണ്ടതും സ്പോൺസറുടെ ബാധ്യതയാണ്. ശീതികരണ സംവിധാനങ്ങളും നേരിട്ട് ചൂടേൽക്കാതിരിക്കാനുള്ള തണലിടങ്ങളും ഒരുക്കണം. തൊഴിൽ സമയം കഴിയുമ്പോൾ വിശ്രമിക്കാനുള്ള കേന്ദ്രങ്ങളും നിർബന്ധമാണ്. ഉച്ചവിശ്രമ നിയമത്തിലെ മാർഗനിർദേശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ 600590000 നമ്പറിൽ അറിയിക്കാം.