റിയാദ്: ഈ വർഷത്തെ ഹജ്ജ് ദിനങ്ങളിൽ സഊദി- ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ) അംഗങ്ങളുടെ സേവന പ്രവർത്തനങ്ങൾ ശ്രദ്ധേയമായി. ചിട്ടയാർന്ന പരിശീലനങ്ങളും സേവന പ്രവർത്തനങ്ങളും വ്യക്തമായ രീതിയിൽ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി രൂപരേഖകളും സവയുടെ ഹജ്ജ് വളണ്ടിയർ പ്രവർത്തനങ്ങൾ ഓജസ്സുറ്റതാക്കി.
മിനായിലെ സേവനങ്ങളിൽ ഹജ്ജ് അനുഷ്ഠാന കർമങ്ങളിൽ ഹാജിമാരായ വൃദ്ധരേയും രോഗികളേയും സഹായിക്കലും തമ്പിലേക്കു മടങ്ങാനുള്ള വഴി പറഞ്ഞു കൊടുക്കലും കാണാതായവരെ കണ്ടെത്താൻ സഹായിക്കലും, മോര്, പഴച്ചാർ, ദാഹജലം എന്നിവ വിതരണം ചെയ്യലും ആശൂപത്രി സേവനങ്ങളും ഉൾപ്പെട്ടിരുന്നു.
സവ ഹജ്ജ് സെൽ കൺവീനർ ജമാൽ ലബ്ബ പാനൂർ, പ്രസിഡണ്ട് മുഹമ്മദ് രാജ കാക്കാഴം, ജനറൽ സെക്രട്ടറി നൗഷാദ് പാനൂർ, വളണ്ടിയർ ക്യാപ്റ്റൻ അബ്ദുസ്സലാം മറായി, കോർഡിനേറ്റർമാരായ സിദ്ധീഖ് മണ്ണഞ്ചേരി, ഇർഷാദ് ആറാട്ടുപുഴ എന്നിവർ നേതൃത്വം നൽകി.
ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന പുണ്യപ്രദേശങ്ങളുടെ ഭൂപടം വിശദീകരിച്ചു നൽകാൻ ഹജ്ജ് മൊബൈൽ ആപ്പ് ഉപയോഗിച്ചത് വഴിയറിയാതെ കുഴങ്ങിയവർക്ക് കൃത്യതയോടെ സ്ഥല നിർണ്ണയം സാധ്യമാക്കി. സേവന വേളയിൽ ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവാക്കുഞ്ഞ്, കെ എം സി സി വോളണ്ടിയർ ക്യാപ്റ്റൻ ശിഹാബ് താമരക്കുളം എന്നിവരുടെ തൽസമയ ഇടപെടലുകളും കൃത്യവും വ്യക്തവുമായ ഉപദേശ നിർദേശങ്ങളും ഹാജീ സേവന നിർവ്വഹണങ്ങളിൽ കരുത്തായി.
വിവിധ പ്രവർത്തനങ്ങളുടെ ടീം ക്യാപ്റ്റൻമാരായ ഷമീർ മുട്ടം (വൈസ് ക്യാപ്റ്റൻ), അബ്ദുസ്സലാം ഓർബിറ്റ് സ്റ്റാർ ട്രാൻസ്പോർട്ടേഷൻ), ശുഐബ് അബ്ദുൽ സലാം (ഐ. ടി), നൗഷാദ് ചാരുംമൂട്, ഹാരിസ് വാഴയിൽ, റിയാസ് നീർകുന്നം , നൗഫൽ കരൂർ, ഷഫീർ കുന്നുമ്മ, ഷമീർ ഖാൻ, മുഹമ്മദ് മുനീർ, ഷാൻ നാസി, സത്താർ ഹനീഫ, റസൽ ആലപ്പുഴ എന്നിവർ നേതൃത്വം നൽകി.




