പ്രമുഖ പണ്ഡിതൻ വില്യാപ്പള്ളി ഇബ്രാഹീം മുസ്‌ലിയാർ അന്തരിച്ചു

0
2246

കോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത നേതാവുമായ വില്യാപ്പള്ളി ഇബ്രാഹീം മുസ്ലിയാർ അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ കേന്ദ്ര മുശാവറയിൽ ഏറെക്കാലമായി അംഗമാണ് വില്യാപ്പള്ളി ഇബ്രാഹീം മുസ്‌ലിയാർ. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽനിന്ന് പഠനം പൂർത്തിയാക്കിയ വില്യാപ്പള്ളി ഇബ്രാഹീം മുസ്‌ലിയാർക്ക് നിരവധി ശിഷ്യഗണങ്ങളുണ്ട്.

ചൊക്യാട്, മുണ്ടേളിപ്പള്ളി, കുഞ്ഞിപ്പള്ളി മഖ്ദൂമിയ അറബിക് കോളേജ്, വില്യാപ്പള്ളിക്ക് സമീപം മലാറക്കൽ എന്നിവടങ്ങളിൽ മുദരിസായിരുന്നു. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ മതപ്രഭാഷണം നടത്തിയിരുന്നു. 
കോറോത്ത് അബ്ദു മുസ്‌ലിയാർ, കണാരണ്ടി അഹമ്മദ് മുസ്‌ലിയാർ എന്നിവരിൽനിന്നാണ് ദർസ് പഠനം നടത്തിയത്. ഉന്നതപഠനത്തിന് വേണ്ടി പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ എത്തി. ഇ.കെ അബൂബക്കർ മുസ്‌ലിയാർ, കോട്ടുമല ഉസ്താദ് എന്നിവരുടെ ശിഷ്യനായിരുന്നു.

പഠനകാലത്ത് തന്നെ മതപ്രഭാഷണങ്ങളിൽ സജീവമായി. കേരളത്തിലങ്ങോളമിങ്ങോളം നാൽപത് ദിവസം നീണ്ടുനിൽക്കുന്ന മതപ്രഭാഷണ പരമ്പര നടത്തി. പഠന കാലത്ത് തന്നെ ഇസ്‌ലാമിക കർമ്മശാസ്ത്ര വിഷയങ്ങളിൽ അഗാധ അറിവ് സമ്പാദിച്ചു. ജാമിഅയിലെ വിദ്യാർഥി യൂണിയൻ ആദ്യമായി പുറത്തിറക്കിയ പുസ്തകം വില്യാപ്പള്ളി ഇബ്രാഹീം മുസ്‌ലിയാരുടെ നമസ്‌കാരത്തെ കുറിച്ചുള്ള കൃതിയായിരുന്നു. 
ഇസ്‌ലാമിക കർമ്മശാസ്ത്രത്തെ ഏറെ ജനകീയമാക്കിയ പണ്ഡിത പ്രതിഭയായിരുന്നു ഇബ്രാഹീം മുസ്‌ലിയാർ.

വില്യാപ്പള്ളിയിലെ പ്രഗത്ഭ പണ്ഡിതനായിരുന്ന എടവന കുഞ്ഞ്യേറ്റി മുസ്‌ലിയാരില്‍ നിന്നും വള്ള്യാട് ദര്‍സിലെ കോറോത്ത് അബൂബക്കര്‍ മുസ്‌ലിയാരില്‍ നിന്നും പെരിങ്ങത്തൂരിനടുത്ത എണവള്ളൂരിലെ ദര്‍സിലെ കണാരാണ്ടി അഹമ്മദ് മുസ്‌ലിയാരില്‍ നിന്നും കിതാബുകള്‍ ഓതിപ്പഠിച്ചു. അതിനു ശേഷം 1969ല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജില്‍ പ്രഥമ ബാച്ചില്‍ വിദ്യാര്‍ഥിയായി.

ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പട്ടിക്കാട് ജാമിഅയിലെ അദ്ദേഹത്തിന്റെ പ്രധാന ഉസ്താദുമാരായിരുന്നു. പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ സതീര്‍ത്ഥ്യനായിരുന്നു. ജാമിഅ നൂരിയ്യയില്‍ നിന്ന് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളില്‍ നിന്ന് ഫൈസി ബിരുദം ഏറ്റുവാങ്ങി.

ജാമിഅയില്‍ നിന്ന് ഇറങ്ങിയതിനു ശേഷം ചെക്യാട് മുണ്ടോളി പള്ളി, കുഞ്ഞിപ്പള്ളി മഖ്ദൂമിയ കോളജ്, സ്വന്തം മഹല്ലായ മാറക്കല്‍ ജുമാമസ്ജിദ് എന്നിവിടങ്ങളില്‍ ഏറെക്കാലം മുദരിസായി സേവനം ചെയ്തു. 1969 മുതല്‍ വിവിധ ഹജ്ജ്, ഉംറ ഗ്രൂപ്പുകളില്‍ ചീഫ് അമീറായും വില്യാപ്പള്ളി മുസ്ലിം ജമാഅത്തിന്റെ രക്ഷാധികാരിയും സേവനം അനുഷ്ടിച്ചു. ഭാര്യ: ഇടവംതോടി അയിശു. മക്കള്‍: മുനീര്‍ (ദുബൈ), സൈനബ, സാജിദ, ത്വാഹിറ, ഹാജറ. മരുമക്കള്‍: അബൂബക്കര്‍ മലോല്‍, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ ഹകീം, റിയാസ്, ഹാജറ. സഹോരങ്ങള്‍: സൂപ്പി, ഹസ്സൈനാര്‍, മൊയ്തീന്‍, മൂസ്സ ഹാജി, അബ്ദുല്ല, കുഞ്ഞാമി, ബിയ്യാത്തു.